പാലക്കാട് ടൗണ്‍ഹാൾ : സാങ്കേതികതടസങ്ങൾ നീങ്ങി; നിർമാണം ഉടൻ പുനരാരംഭിക്കും: എംഎൽഎ
1533426
Sunday, March 16, 2025 4:59 AM IST
പാലക്കാട്: സാങ്കേതിക കാരണങ്ങളാൽ നിർമാണം നിലച്ചുപോയ മുനിസിപ്പൽ ടൗണ്‍ഹാളിന്റെ നിർമാണം ഉടൻ പുനരാരംഭിക്കും. നിർമാണം പുനരാരംഭിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ നഗരസഭ ഉദ്യോഗസ്ഥരുടെയും നിർമാണ ഏജൻസിയായ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് അധികൃതരുമായും നാലു തവണ നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കാൻ തീരുമാനമായത്.
ഈമാസം മൂന്നിന് തിരുവനന്തപുരത്ത് എൽഎസ്ജിഡി ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ ഏഴിന് എംഎൽഎയുടെ സാനിധ്യത്തിൽ ടെക് നോളജി ഗ്രൂപ്പ് ചെയർമാന്റെയും എൻജിനീയർമാരുടെയും നഗരസഭ എൻജിനീയർമാരുടെയും നേതൃത്വത്തിൽ പാലക്കാട് ടൗണ്‍ഹാൾ സന്ദർശനം നടത്തുകയും അതിനുശേഷം എംഎൽഎ ഓഫീസിൽ യോഗം ചേരുകയും ചെയ്ത് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഏകോപിപ്പിച്ച് വീണ്ടും എൽഎസ്ജിഡി ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽ യോഗം നടത്തി.
ഇതുവരെ ചെയ്ത പ്രവർത്തികളുടെ ബില്ലുകൾ മാറുന്നതിന്റെയും പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിലും നിലനിൽക്കുന്ന സാങ്കേതികത്വത്തിന് ചർച്ചയിലൂടെ പരിഹാരം ഉണ്ടായതിനാലാണ് ഹാബിറ്റാറ്റ് ടൗണ്‍ഹാളിന്റെ നിർമാണം പുനരാംഭിക്കാമെന്ന് ഉറപ്പ് നൽകിയത്.
ടൗണ്‍ഹാളിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തികൾക്കായി ആസ്തി വികസന ഫണ്ടിൽ നിന്നും 95 ലക്ഷം രൂപ കൂടി അനുവദിക്കുന്നതിന് ജില്ലാ കളക്ടർക്ക് എംഎൽഎ കത്ത് നൽകി.
അടുത്തഘട്ടത്തിൽ പ്രവൃത്തിയുടെ പൂർത്തീകരണത്തിന് ആവശ്യമായ ബാക്കി തുകകൂടി അനുവദിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറിയിച്ചു.