മീങ്കര ജലസേചനപദ്ധതി രണ്ടാംവിള ജലസേചനം: ഉപദേശകസമിതി യോഗം ചേർന്നു
1533427
Sunday, March 16, 2025 4:59 AM IST
പാലക്കാട്: മീങ്കര ജലസേചന പദ്ധതി 2024-25 രണ്ടാംവിള ജലസേചനവുമായി ബന്ധപ്പെട്ട് പദ്ധതി ഉപദേശകസമിതി യോഗം കെ.ബാബു എംഎൽഎ യുടെ അധ്യക്ഷതയിൽ കൊല്ലങ്കോട് ബ്ലോക്ക് കമ്യൂണിറ്റിഹാളിൽ ചേർന്നു. കർഷകർക്ക് കൃഷിയ്ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുകയും അതോടൊപ്പം കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു.
നിലവിൽ മീങ്കരഡാമിന്റെ ജലനിരപ്പ് 22.5 അടിയാണ്. 20 അടി നിലനിർത്തി ബാക്കി കൃഷി ആവശ്യങ്ങൾക്കായി തുറക്കാനും ചുള്ളിയാർ ഡാമിൽ നിന്ന് സർപ്ലസ് വഴി വടവന്നൂർ ഭാഗത്തേക്ക് വലതുകര കനാലിൽ വെള്ളം നൽകാനുള്ള സാധ്യത പരിശോധിക്കാനും യോഗത്തിൽ തീരുമാനമെടുത്തു. കുടിവെള്ളത്തിനായി കന്പാലത്തറ ഏരിയിൽ നിന്ന് 2.5 അടി വെള്ളം മീങ്കരഡാമിലേക്ക് ഒഴുക്കാൻ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് കത്ത് നൽകും.
മുതലമട ഗ്രാമപഞ്ചായത്തിൽ വലിയചള്ള, പാപ്പാൻചള്ള, പാറക്കൽചള്ള ഭാഗങ്ങളിലേക്കും പുതുനഗരം ഗ്രാമപഞ്ചായത്തിൽ വടകരപ്പാല പാടശേഖരസമിതി പരിധിയിലും വടവന്നൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കൂത്തംപാക്ക് പാടശേഖരസമിതി, പിലാപ്പുള്ളി പാടശേഖരസമിതി എന്നീ ഭാഗങ്ങളിലെയും നെൽകൃഷിക്കാണ് വെള്ളം ആവശ്യമുള്ളത്.
വലതുകര കനാലിലേക്ക് ഇന്ന് വൈകുന്നേരം നാലിനും ഇടതുകര പ്രധാനകനാലിലേക്ക് 17 ന് രാവിലെ എട്ടിനും ജലവിതരണം ആരംഭിക്കുവാനും യോഗത്തിൽ തീരുമാനമായി. എഡിഎം കെ. മണികണ്ഠൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.പി. ശുഭ, വടവന്നൂർ, മുതലമട പഞ്ചായത്ത് പ്രസിഡന്റുമാർ, കൃഷി ഓഫീസർമാർ, വാട്ടർ അഥോറിറ്റി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.