ഗാന്ധിജിയുടെ ശബരി ആശ്രമം സന്ദർശനത്തിനു നാളെ നൂറുവയസ്
1533674
Monday, March 17, 2025 1:07 AM IST
പാലക്കാട്: അകത്തേത്തറയിലെ ശബരി ആശ്രമത്തിൽ ഗാന്ധിജിയും പത്നി കസ്തൂർബാ ഗാന്ധിയും നടത്തിയ സന്ദർശനത്തിനു നാളെ നൂറുവയസ് തികയുന്നു.
1925 മാർച്ച് 18ന് വൈകുന്നേരമാണ് ഗാന്ധി ദന്പതികളെത്തിയത്. രാത്രി ഇവിടത്തെ ചെറുകുടിലിൽ താമസിച്ച് അടുത്തദിവസമാണ് മടങ്ങിയത്. സന്ദർശനത്തിന്റെ ശതാബ്ദി പ്രമാണിച്ച് ശബരി ആശ്രമത്തിൽ നടത്തുന്ന ഒരു വർഷത്തെ ആഘോഷപരിപാടികൾ നാളെ വൈകുന്നേരം നാലിന് ആരംഭിക്കും. കൽമാടം അയ്യപ്പക്ഷേത്രവും അകത്തേത്തറ വാദികേന്ദ്രവും സന്ദർശിച്ച് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ സ്വാതന്ത്ര്യസമര തീർഥാടനയാത്രയായി എത്തുന്നതോടെ പൊതുസമ്മേളനം ആരംഭിക്കും. കേരള ഹരിജൻ സേവക് സംഘ് ചെയർമാൻ ഡോ.എൻ. ഗോപാലകൃഷ്ണൻ അധ്യക്ഷനാകുന്ന സമ്മേളനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയാകും.
19ന് രാവിലെ ഒന്പതിന് ഗാന്ധികുടീരത്തിൽ സർവമത പ്രാർഥനയും പത്തിനു ഗാന്ധി ചിന്തകരുടെയും ഗ്രന്ഥകർത്താക്കളുടെയും ഒത്തുചേരലും ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് 2.30 ന് എലപ്പുള്ളിയിലെ ബ്രൂവറി പ്ലാന്റിനെതിരായ ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു ശബരി ആശ്രമത്തിൽനിന്നും എലപ്പുള്ളിയിലേക്ക് സമരസന്ദേശയാത്ര പുറപ്പെടും.
ഹരിജൻ സേവക് സംഘം വൈസ് ചെയർമാൻ ടി.ആർ. സദാശിവൻനായർ, ശബരിആശ്രമം സെക്രട്ടറി ടി. ദേവൻ എന്നിവർ യാത്ര നയിക്കും.