പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെ നിർമാണങ്ങൾ വിലയിരുത്തി വി.കെ. ശ്രീകണ്ഠൻ എംപി
1534022
Tuesday, March 18, 2025 2:19 AM IST
ഷൊർണൂർ: പട്ടാമ്പി റെയിൽവേ സ്റ്റേഷൻ അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നു വി.കെ. ശ്രീകണ്ഠൻ എംപി.
പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്ന നിർമാണ പ്രവൃത്തികൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. പട്ടാമ്പി റെയിൽവേ സ്റ്റേഷൻ, പാലക്കാട് ടൗൺ സ്റ്റേഷൻ എന്നിവ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു കഴിഞ്ഞവർഷംതന്നെ റെയിൽവേ മന്ത്രാലയത്തോടു എംപി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ പട്ടാമ്പി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന് മേൽക്കൂര നിർമാണം, ലിഫ്റ്റ് നിർമാണം തുടങ്ങിയ സൗകര്യങ്ങൾ വർധിപ്പിക്കുന്ന പ്രവൃത്തികൾ നടന്നുവരികയാണ്.
അടിസ്ഥാന സൗകര്യങ്ങളായ യാത്രക്കാർക്കുള്ള വിശ്രമമുറി, റിഫ്രഷ്മെന്റ് സ്റ്റാളുകൾ, വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ, ഏറെ പഴക്കംചെന്ന കെട്ടിടങ്ങൾമാറ്റി പുതിയവയുടെ നിർമാണം തുടങ്ങിയവ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി റെയിൽവെയിൽ സമ്മർദ്ദം ചെലുത്തുമെന്നും എംപി പറഞ്ഞു.
ഇന്റർസിറ്റി എക്സ്പ്രസിനു പട്ടാമ്പിയിൽ സ്റ്റോപ്പ് വേണമെന്ന പട്ടാമ്പിക്കാരുടെ ദീർഘകാല ആവശ്യം യാഥാർഥ്യമാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നു എംപി പറഞ്ഞു. സ്റ്റോപ്പ് അനുവദിച്ചാൽ യാത്രക്കാരുണ്ടാകുമോ എന്നുള്ള ആശങ്ക റെയിൽവേ അധികൃതർക്കുണ്ടായിരുന്നു. ഒടുവിൽ ആറുമാസത്തെ പരീക്ഷണഓട്ടത്തിൽതന്നെ ധാരാളം യാത്രക്കാരുടെ വർധനയുണ്ടായതോടെ സ്റ്റോപ്പ് സ്ഥിരമായി കിട്ടിയിരിക്കുകയാണ്.
മേൽപ്പാലമോ, അടിപ്പാതയോ വേണമെന്നുള്ള ജനകീയ ആവശ്യവും റെയിൽവേയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെ വികസനവുമായി ബന്ധപ്പെട്ട് റെയിൽവേ അധികാരികളുമായി വിശദമായ ചർച്ചയ്ക്ക് തീരുമാനിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു.
പട്ടാമ്പി പെരുമുടിയൂരിൽ ഗവ. ഓറിയൻറൽ ഹൈസ്ക്കൂളിലേക്കു പോകുന്നതിനായി നിർമിക്കുന്ന റെയിൽവെ അടിപ്പാതയുടെ നിർമാണ പ്രവൃത്തിയും എംപി വിലയിരുത്തി.