നെ​ന്മാ​റ:​ നെ​ന്മാ​റ-വ​ല്ല​ങ്ങി വേ​ല​യ്ക്ക് തു​ട​ക്കംകു​റി​ച്ച് നെ​ല്ലി​ക്കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കൂ​റ​യി​ട്ടു. ഏ​പ്രി​ൽ 3 നാ​ണ് നെ​ന്മാ​റ-വ​ല്ല​ങ്ങി വേ​ല. വ​ല്ല​ങ്ങി കു​റു​മ്പ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​ചാ​ര​പ്ര​കാ​രം അ​വ​കാ​ശ​മു​ള്ള പ്ര​ത്യേ​ക സ​മു​ദാ​യ​ക്കാ​ർ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഓ​ല​ക്കു​ടചൂ​ടി നെ​ല്ലി​ക്കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി രാ​ത്രി 7.30 ഓ​ടെ ഓ​രോ സ​മു​ദാ​യ​ക്കാ​രു​ടെ​യും ജാ​തിപ്പേ​ര് വി​ളി​ച്ച് എ​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് വി​ളി​ച്ചു ചൊ​ല്ലി​യാ​ണ് കൂ​റ​യി​ട​ൽ ച​ട​ങ്ങ് ന​ട​ത്തി​യ​ത്.

ക്ഷേ​ത്രപൂ​ജാ​രി​യും ദേ​വ​സ്വം അ​ധി​കൃ​ത​രും കൂ​റഇ​ടാ​ൻ എ​ത്തി​യ​വ​രെ സ്വീ​ക​രി​ച്ചു. കൂ​റ​യി​ട​ലി​നു ശേ​ഷം ക്ഷേ​ത്ര​ത്തി​ന​ക​ത്ത് പ​ട്ട് കൂ​റ​യി​ട​ൽ ച​ട​ങ്ങും ന​ട​ന്നു. ഉ​ത്സ​വ​ത്തി​ന് മു​ഖ്യ പ​ങ്കു​വ​ഹി​ക്കു​ന്ന നെ​ന്മാ​റ, വ​ല്ല​ങ്ങി ദേ​ശ​ങ്ങ​ളോ​ടൊ​പ്പം വി​ത്ത​ന​ശേരി, അ​യി​ലൂ​ർ, തി​രു​വ​ഴി​യാ​ട് ദേ​ശ പ്ര​തി​നി​ധി​ക​ളു​ടെ സാ​നിധ്യ​വും ച​ട​ങ്ങു​ക​ൾ​ക്ക് ഉ​ണ്ടാ​യി.

കൂ​റ​യി​ട​ൽ ച​ട​ങ്ങി​നാ​യി ക്ഷേ​ത്ര​വും പ​രി​സ​ര​വും ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും മാ​ല​ക​ൾ കൊ​ണ്ടും അ​ല​ങ്ക​രി​ച്ചി​രു​ന്നു. ക്ഷേ​ത്ര​മു​റ്റ​ത്ത് 7 മ​ണി​ക്ക് മു​മ്പാ​യി ഭ​ക്ത​രു​ടെ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി കു​റയി​ട​ൽ ച​ട​ങ്ങി​നു ശേ​ഷം സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടും ന​ട​ത്തി. തു​ട​ർ​ന്ന് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ദാ​രി​കാ​വ​ധം ക​ളം​പാ​ട്ട് ആ​രം​ഭി​ച്ചു. വേ​ലദി​വ​സം വ​രെ ക​ളംപാ​ട്ട് തു​ട​രും. കൂ​റ​യി​ട​ലി​നെ തു​ട​ർ​ന്ന് ഉ​ത്സ​വ​ത്തി​ന്‍റെ തു​ട​ക്കം എ​ന്ന നി​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​രു ദേ​ശ​ക്കാ​രും ദീ​പാ​ല​ങ്കാ​ര പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ന​ട​ത്തും. ഇ​രു​ദേ​ശ മ​ന്ദു​ക​ളി​ൽ 23 നാ​ണ് മു​ളം കൂ​റ​യി​ട​ൽ ച​ട​ങ്ങ്.