ഷൊർണൂർ റെയിൽവേ സ്റ്റേഷൻ നവീകരണം ഒച്ചിഴയുംപോലെ
1532996
Saturday, March 15, 2025 1:34 AM IST
ഷൊർണൂർ: ജംഗ്ഷൻ റയിൽവേ സ്റ്റേഷൻ നവീകരണത്തിനു ഒച്ചിഴയും വേഗം. സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ്.
പ്രവൃത്തികൾ വർഷങ്ങളുടെ പഴക്കത്തിലേക്കു നീങ്ങുമ്പോഴും എങ്ങുമെത്താതെ കിടക്കുകയാണ്.
ഇതോടെ യാത്രക്കാരുടെ ദുരിതവും തുടരുകയാണ്. റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടം ഇപ്പോൾ പൂർത്തിയാക്കി തുറന്നു നൽകിയിട്ടുണ്ട്. പാർക്കിംഗ് ഗ്രൗണ്ടും തുറന്നുകൊടുത്തു. എന്നാൽ ലിങ്ക് റോഡ്, ലിഫ്റ്റ്, നടപ്പാത എന്നിവയുടെ പ്രവൃത്തികൾ പകുതിയിൽനിന്നു.
പുതുതായി നിർമിച്ച ചവിട്ടു പടികളുടെ വീതിയും നീളവും മാറ്റണമെന്നും മുന്നിൽ ബസ് സ്റ്റോപ് ഒരുക്കണമെന്നും പുതിയ ലിങ്ക് റോഡ് വന്നാലും പഴയ റോഡ് ഉപയോഗപ്പെടുത്തണമെന്നും റെയിൽവേ ഡിവിഷനൽ മാനേജർ പരിശോധനക്കിടെ നിർദേശം നൽകിയിരുന്നു. ബലക്ഷയത്തിന്റെ പേരിൽ അടച്ചിട്ട മേൽപ്പാലം മാസങ്ങൾ കഴിഞ്ഞിട്ടും പൊളിച്ചു നീക്കിയിട്ടില്ല.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു ഷൊർണൂർ റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നത്. മലബാറിന്റെ റെയിൽവേ പ്രവേശന കവാടമാണ് ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ.
ഇത്രയേറെ പ്രാധാന്യമുണ്ടായിട്ടും സ്റ്റേഷൻ നവീകരണത്തിൽ അധികൃതർ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.