മണ്ണാർക്കാട് പൂരത്തിനു സമാപനം
1533010
Saturday, March 15, 2025 1:34 AM IST
മണ്ണാർക്കാട്: നഗരത്തെ ഭക്തിസാന്ദ്രമാക്കി ആയിരങ്ങൾ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയോടെ മണ്ണാർക്കാട് പൂരത്തിനു സമാപനമായി.
ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നിന് പുരാഘോഷ കമ്മിറ്റി ഭാരവാഹികൾ സ്ഥാനീയ ചെട്ടിയന്മാരെ ആനയിക്കാൻ അവരുടെ വീടുകളിലെത്തി. തുടർന്ന് സ്ഥാനീയ ചെട്ടിയന്മാരെ ആനയിച്ച് നെല്ലിപ്പുഴയിൽ എത്തി. നെല്ലിപ്പുഴയിൽ വിവിധ ദേശങ്ങളിലുള്ള വേലകളും സംഗമിച്ചു.
നെല്ലിപ്പുഴയിൽ നിന്നും പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ മുമ്പിലും ഗജവീരനും വിവിധ ദേശങ്ങളിൽ നിന്നുള്ള വേലകളുമായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ചെട്ടിവേല കാണാൻ നെല്ലിപ്പുഴ മുതൽ ക്ഷേത്രംവരെ ആയിരങ്ങളാണ് കാത്തുനിന്നിരുന്നത്.
വിവിധ വേലകളിൽ പൂതം, തിറ, പൂക്കാവടി, വിവിധ വേഷങ്ങൾ, ചെണ്ട, ബാന്റുമേളങ്ങൾ, വിവിധതരം ഡാൻസുകൾ തുടങ്ങിയവയെല്ലാമുണ്ടായിരുന്നു. രാത്രി എട്ടോടെ വേലകൾ ക്ഷേത്രത്തിലെത്തി ഭഗവതിയെ തൊഴുത് പിൻവാങ്ങി. എട്ടിനു ക്ഷേത്രത്തിൽ പ്രദക്ഷിണം, തുടർന്ന് കൊടിയിറക്കൽ എന്നിവ നടന്നു. ഇതോടെ ഈ വർഷത്തെ ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനു സമാപനമായി.