ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ കെട്ടിടം പൊളിച്ചുനീക്കി
1533006
Saturday, March 15, 2025 1:34 AM IST
ഷൊർണൂർ: മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ മുൻകൈയെടുത്ത് നിർമിച്ച ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ കെട്ടിടം പൊളിച്ചുനീക്കി. ഭാരതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായിട്ടാണ് കെട്ടിടം പൊളിച്ചുനീക്കിതെന്നാണ് വിശദീകരണം. എറണാകുളം- ഷൊർണൂർ ലൈനിൽ പാത ഇരട്ടിപ്പിക്കൽ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയപാലം നിർമിക്കുന്നത്. പാലക്കാട് ഡിവിഷന്റെ ഉടമസ്ഥതയിൽ ഉൾപ്പെട്ട സ്ഥലത്താണ് ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ കെട്ടിടം നിലനിന്നിരുന്നത്.
യാത്രക്കാരില്ലാത്തതിനാൽ വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന സ്റ്റേഷൻ കെട്ടിടം ഒരുകൂട്ടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കയാണന്നു വിമർശനമുണ്ടായിരുന്നു. 1986ൽ ഒറ്റപ്പാലം എംപിയായിരുന്ന മുൻ രാഷ്ട്രപതി കെആർ. നാരായണന്റെ ആഗ്രഹപ്രകാരമാണ് ഷൊർണൂർ കാരക്കാട് ഭാരതപ്പുഴ റെയിൽവേ സ്റ്റേഷനുയർന്നത്.
ഇതിന്റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു നിര്‍വഹിച്ചത്. ഷൊർണ്ണൂർ സ്റ്റേഷനിൽ കയറാതെ പോകുന്ന വണ്ടികൾ നിർത്താനായിരുന്നു ഇങ്ങനെയൊരു സ്റ്റേഷൻ. എന്നാൽ കാലക്രമത്തിൽ ട്രെയിൻ കയറാൻ ആളെത്താതായി.പിന്നാലെ റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം നിർത്തി.
പരിസരം കാടുകയറിയ നിലയിലായിരുന്നു. സ്റ്റേഷൻ അടച്ചുപൂട്ടിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. അതേസമയം ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ സ്പർശിക്കാതെ കടന്നുപോകുന്ന ട്രെയിനുകൾക്ക് ഷൊർണൂർ ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ എന്ന് നാമകരണം ചെയ്ത് ഭാരതപ്പുഴ റെയിൽവേ സ്റ്റേഷനെ പുനരുജ്ജീവിപ്പിക്കാൻ റെയിൽവേ ആലോചിച്ചിരുന്നു. എന്നാൽ കെട്ടിടം പൊളിച്ചു നീക്കിയതോടു കൂടി ഈ പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു എന്നതാണ് അവസ്ഥ.