പൊടിവിതയ്ക്കു കഴിയുന്നില്ല; വേനൽമഴ കാത്ത് കർഷകർ
1533001
Saturday, March 15, 2025 1:34 AM IST
ഒറ്റപ്പാലം: വേനൽമഴ കനിയുന്നില്ല, കർഷകർക്ക് മനമുരുകുന്നു. വേനൽമഴ പെയ്യേണ്ട സമയം അതിക്രമിച്ച അവസ്ഥയാണ്.
ചിലയിടങ്ങളിൽ കർഷകരുടെ മനംകുളിർപ്പിച്ച് ആശ്വാസത്തിന്റെ ചെറുമഴ ലഭിച്ചിരുന്നു. എന്നാൽ ഇതുകൊണ്ടു കർഷകർക്കു വലിയ പ്രയോജനമുണ്ടായില്ല.
പൊടിവിത നടത്തണമെങ്കിൽ വേനൽമഴ നിർബന്ധമാണ്. അതേസമയം പടിഞ്ഞാറൻമേഖലയിൽ ചിലയിടങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചതിനാൽ പൊടിവിത തുടങ്ങിയിട്ടുണ്ട്.
ഉഴുതുമറിച്ച പാടത്ത് വിത്തുവിതയ്ക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കാലവർഷം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് പൊടിവിത നടത്താറുള്ളത്. പൊടിയിൽ അഥവാ മണ്ണിൽ നെൽവിത്ത് വാരിവിതറുന്ന രീതിയാണ് പൊടിവിത.
മൂപ്പുകൂടിയ പഴയഇനം വിത്തായ ചേറ്റാടിയാണ് പൊടിവിതയ്ക്കായി കർഷകർ ഉപയോഗിക്കുന്നത്. കുംഭത്തിന്റെ അവസാനത്തിൽത്തന്നെ ഉഴുതുമറിച്ച് വളപ്പൊടികളും മറ്റുമിട്ട് വിതയ്ക്കായി പാടം തയാറാക്കിയിരുന്നു കർഷകർ.
മുൻവർഷങ്ങളിൽ വേനൽമഴ വൈകുന്നതുമൂലം ഏപ്രിലിലാണ് മേഖലയിൽ പൊടിവിത ആരംഭിച്ചിരുന്നത്. പാടത്ത് വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലാണ് സാധാരണ പൊടിവിത നടത്തുന്നത്.
ഇത്തരത്തിൽ പൊടിവിത നടത്തുന്ന പാടങ്ങളിൽ നെൽച്ചെടികൾ ഓല വലുതായാൽ മൂന്നുതവണ ഓല വെട്ടിനീക്കേണ്ടതുമുണ്ട്.
സാധാരണ കർഷകത്തൊഴിലാളികളാണ് ഓല വെട്ടാറുള്ളത്. ഇപ്പോൾ പുല്ലുവെട്ട് മെഷീൻ ഉപയോഗിച്ചാണ് ഓല വെട്ടുന്നതെന്ന് കർഷകർ പറയുന്നു. നെല്ലറ വേനൽമഴക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമവും ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ അനുഭവപ്പെടുന്നുണ്ട്.