വടിയെടുക്കാതെ അധികൃതർ; മൂക്കുപൊത്തി നാട്ടുകാർ
1533003
Saturday, March 15, 2025 1:34 AM IST
ഷൊർണൂർ: കോതകുറുശ്ശി- വാണിയംകുളം റോഡിൽ വീടുകൾക്കുമുൻപിലും അങ്കണവാടിക്കുമുൻപിലും രാത്രിയിൽ മാലിന്യം തള്ളുന്നതായി പരാതി.
കോഴിമാലിന്യം ഉൾപ്പെടെയാണ് ചാക്കുകളിൽകെട്ടി പാതയുടെ വശത്തുതള്ളുന്നത്. ദുർഗന്ധം കാരണം പ്രദേശത്തെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഇതിനുപുറമേ, തെരുവുനായ്ക്കൾ ചാക്കുകളിലുള്ള മാലിന്യം കടിച്ചുവലിച്ച് വീടുകളിലും കൊണ്ടിടുകയും ചെയ്യുന്നു. കോതയൂർ വായനശാലാ ഭാഗത്തുനിന്ന് അങ്കണവാടിയിലേക്ക് വഴിനീളെ തള്ളിയ മാലിന്യത്തിന്റെ സമീപത്തുകൂടി മൂക്കുപൊത്തിവേണം രക്ഷിതാക്കൾക്ക് കുട്ടികളെ എത്തിക്കാൻ.
ഇതുവഴിപോകുന്നവർക്കെല്ലാം ദുർഗന്ധം കാരണം മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. രണ്ടാഴ്ചയിലേറെയായി ഇവിടങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
അങ്കണവാടിമുതൽ തോടുവരെയുള്ള പാതയുടെ രണ്ടുവശത്തും മാലിന്യം തള്ളിയ നിലയിലാണ്. നേരത്തേ, വീടുകൾക്കുമുൻപിലെ മാലിന്യം സ്വന്തംചെലവിൽ വീട്ടുകാർ വൃത്തിയാക്കിയിരുന്നു. എന്നാൽ, ഇവിടെ വീണ്ടും മാലിന്യം തള്ളിയിരിക്കുകയാണ്. പാതയുടെ രണ്ടുവശത്തും പുല്ല് വളർന്നുനിൽക്കുകയാണ്. ഇതിനിടയിലേക്കാണ് മാലിന്യം തള്ളുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ തിന്നാൻ തെരുവുനായ്ക്കൾ എത്തുന്നത് കാൽനടയാത്രക്കാർക്കു ഭീഷണിയായിട്ടുണ്ട്.
റോഡിന്റെ വശങ്ങളിൽ പ്ലാസ്റ്റിക് കവറുകളും നിറഞ്ഞുകിടക്കുകയാണ്.