പഴയ കൊച്ചിപ്പാലം പൊളിച്ചുനീക്കാൻ തീരുമാനം
1533009
Saturday, March 15, 2025 1:34 AM IST
ഷൊർണൂർ: പഴയ കൊച്ചിപാലം പൊളിച്ചുനീക്കാൻ തീരുമാനമായി. നൂറ്റാണ്ട് പിന്നിട്ട ചരിത്ര സ്മാരകമാണ് പൊളിച്ചുമാറ്റുന്നത്. യുദ്ധകാലടിസ്ഥാനത്തിൽ പാലം പൊളിച്ചു നീക്കുമെന്നു പി. മമ്മിക്കുട്ടി എംഎൽഎ അറിയിച്ചു.
പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. പഴയ കൊച്ചിൻ പാലം തകർന്ന് പുഴയിൽ വീണു കിടക്കാൻ തുടങ്ങിയിട്ട് 20 വർഷത്തിലേറെയായെന്ന് പി. മമ്മിക്കുട്ടി എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.
തുടർന്നാണ് പാലം പൊളിച്ചു നീക്കേണ്ടതിന്റെ പ്രാഥമിക നടപടികൾ ആരംഭിച്ചതായി മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. ജില്ലയിലെ ഷൊർണൂർ നഗരസഭയേയും, തൃശൂർ ജില്ലയിലെ ചെറുതുരുത്തിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പഴയ കൊച്ചിൻ പാലമാണ് പൊളിച്ചു നീക്കുന്നത്.
കാലപ്പഴക്കംചെന്ന് തകർന്നപാലം പൊളിച്ചുനീക്കുന്നതിനു പിഡബ്ല്യുഡി വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള നാലംഗ സമിതി റിപ്പോർട്ട് ഉടനടി സർക്കാരിന് കൈമാറുമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ പാലം നീക്കംചെയ്യുന്നതിനുള്ള പ്രവൃത്തികൾക്ക് തുടക്കമാവുമെന്നുമാണ് പി മമ്മിക്കുട്ടി എംഎൽഎയുടെ ഓഫീസ് അറിയിപ്പ്. ഒട്ടേറെ ചരിത്രകഥകൾ പറഞ്ഞിരുന്ന പാലത്തിന് ബലക്ഷയം കണ്ടെത്തുകയും പുതിയ പാലം നിർമിച്ച് 2003 ജനുവരി 25ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയുമായിരുന്നു. 2011 ൽ പഴയ പാലത്തിന്റെ സ്പാനുകൾ നിലംപൊത്തി. കെ. രാധാകൃഷ്ണൻ എംഎൽഎ പാലം ചരിത്രസ്മാരകമായി നിലനിർത്താൻ ശ്രമം നടത്തിയെങ്കിലും പാലത്തിന്റെ ബലക്ഷയം കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിച്ചു.
2018,19 വർഷത്തെ പ്രളയത്തിൽ തൂണുകളും സ്പാനുകളും തകർന്നിരുന്നു. ഓരോ വർഷവും പാലത്തിന്റെ അവശിഷ്ടങ്ങൾ ഭാരതപ്പുഴയിൽ തകർന്നു വീഴുന്ന സാഹചര്യത്തിലാണ് പി. മമ്മിക്കുട്ടിഎംഎൽഎയും, യു.ആർ. പ്രദീപ് എംഎൽഎയും ഇടപെട്ട് പാലം പൊളിച്ചു നീക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടത്.