ചാറ്റൽമഴ മതി, വേലന്താവളം ടൗണിൽ വെള്ളക്കെട്ട് രൂപപ്പെടാൻ
1532998
Saturday, March 15, 2025 1:34 AM IST
കൊഴിഞ്ഞാമ്പാറ: വേലന്താവളം ജംഗ്ഷനിൽ റോഡിനിരുവശത്തും അഴുക്കുചാൽ ഇല്ലാത്തതിനാൽ ചാറൽമഴ പെയ്താൽ പോലും വെള്ളക്കെട്ടുണ്ടാവുന്നതു യാത്രികർക്കു ദുരിതമാകുന്നു.
റോഡ് നവീകരണ സമയത്ത് അഴുക്കുചാൽ നിർമിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് ചിലരുടെ തീരുമാനപ്രകാരം ഒഴിവാക്കി.
കരാറുകാരൻ സ്വന്തംനിലയ്ക്ക് ഒഴിവാക്കിയതാണെന്നും പരിസരത്തെ കച്ചവടക്കാർക്കിടയിൽ ആരോപണം ശക്തമാണ്.
വിവിധസ്ഥലങ്ങളിൽ നിന്നും വരുന്ന സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്നതും വെള്ളക്കെട്ടുണ്ടാവുന്ന ഭാഗത്താണ്.
വർഷങ്ങൾക്കുമുൻപ് വടകരപ്പതി പഞ്ചായത്ത് കൊട്ടിഘോഷിച്ച് നിർമിച്ച ബസ് സ്റ്റാൻഡ് ഒരുവർഷംപോലും പ്രവർത്തിപ്പിക്കാൻ പഞ്ചായത്തധികൃതർക്കു കഴിഞ്ഞില്ല. ഇക്കാരണത്താലാണ് ഇപ്പോഴും ബസുകൾ വ്യാപാര സ്ഥാപനങ്ങൾക്കുമുന്നിൽ ദീർഘനേരം നിർത്തിയിടുന്നത്. വ്യാപാരികളും ബസ് തൊഴിലാളികളും തമ്മിലുള്ള തർക്കവും ഇവിടെ പതിവാണ്. വടകരപ്പതി പഞ്ചായത്തിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് വേലന്താവളം. നിലവിൽ ബസ് കാത്തുനിൽക്കാൻപോലും വെയിറ്റിംഗ് ഷെഡില്ല. കനത്ത വെയിലിലും മഴയിലും കൈകുഞ്ഞുങ്ങളുമായി സ്ത്രീകളടക്കമുള്ളവർ വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിൽ നിൽക്കുന്നത് ദയനീയ കാഴ്ചയാണ്.
പൊതുപ്രവർത്തകരായ എൽ. ആരോഗ്യരാജ്, കെ. പ്രേംജിത്ത് എന്നിവർ വിവിധ വകുപ്പ് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വടകരപ്പതി പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.