ഭാരതപ്പുഴയ്ക്കു കുറുകെ പുതിയ റെയിൽപ്പാലം നിർമിക്കാൻ നടപടി
1533007
Saturday, March 15, 2025 1:34 AM IST
ഷൊർണൂർ: എറണാകുളം- ഷൊർണൂർ റെയിൽപ്പാതയിൽ ഭാരതപ്പുഴയ്ക്കു കുറുകെ പുതിയ പാലം യഥാർഥ്യമാവുന്നു. പാലം നിർമിക്കാനുള്ള സ്ഥലത്തിന്റെ നിർണയം പൂർത്തിയായി. നിലവിലുള്ള പാലങ്ങളുടെ കിഴക്കുഭാഗത്തായാണ് പുതിയ പാലത്തിനു സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
പാലക്കാട് ഭാഗത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ ഗതാഗതത്തിന് ഒരുപാലംകൂടി അനിവാര്യമാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സമീപത്തെ വീട് പൊളിച്ചുമാറ്റേണ്ടിവരുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന.
ഭാരതപ്പുഴയ്ക്കു കുറുകെ നിലവിൽ രണ്ടുപാലങ്ങളുണ്ടെങ്കിലും തിരുവനന്തപുരത്തുനിന്ന് ഷൊർണൂർ ഭാഗത്തേയ്ക്കും തിരിച്ചുമുള്ളവ ഒരുപാലത്തിലൂടെയും തിരുവനന്തപുരത്തുനിന്ന് പാലക്കാട് ഭാഗത്തേയ്ക്കും തിരിച്ചുമുള്ളവ അടുത്ത പാലത്തിലൂടെയുമാണ് പോകുന്നത്.
അതുകൊണ്ട് ഗതാഗതം ക്രമീകരിക്കേണ്ടതുണ്ട്. നിലവിൽ എറണാകുളം മുതൽ ഷൊർണൂർ വരെയുള്ള പാളത്തിൽ 100 ശതമാനത്തിലധികം ഗതാഗതമാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
അതുകൊണ്ടുതന്നെ ഈ പാതയിലൂടെയുള്ള ട്രെയിനുകൾക്ക് സമയക്രമം പാലിക്കാനാവുന്നില്ലെന്നും റെയിൽവേ കൺട്രോൾ വിഭാഗം സൂചിപ്പിക്കുന്നു. വന്ദേ ഭാരത് ട്രെയിനുകൾ എത്തിയതോടെ ഗതാഗതം വീണ്ടും വർധിച്ചു. മറ്റു ട്രെയിനുകളെല്ലാം ക്രോസിംഗ് സ്റ്റേഷനുകളിൽ പിടിച്ചിട്ടാണ് വന്ദേഭാരതിന്റെ സമയത്തിൽ കൃത്യത പാലിക്കുന്നത്. ഭാരതപ്പുഴയിലെ ഒഴുക്ക് കുറയുന്നതോടെ പണി ആരംഭിക്കാനാണ് നീക്കം.