പട്ടാമ്പിയിൽ ആധുനിക ഡയാലിസിസ് യന്ത്രങ്ങളെത്തി
1495933
Friday, January 17, 2025 1:57 AM IST
ഷൊർണൂർ: പട്ടാമ്പി താലൂക്കാശുപത്രിയോടുചേർന്ന് നിർമിച്ച ഡയാലിസിസ് കേന്ദ്രത്തിലേക്ക് ആധുനിക യന്ത്രങ്ങളെത്തി. എട്ട് യന്ത്രങ്ങളാണ് എത്തിയത്. ആർഒ പ്ലാന്റിന്റെ പ്രവർത്തനംകൂടി കഴിയുന്നതോടെ അവസാനഘട്ടം പൂർത്തിയാക്കി ഡയാലിസിസ് കേന്ദ്രം ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു.
ഡോക്ടർമാരെയും ജീവനക്കാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയമിക്കുന്നതിനുവേണ്ട നടപടിയും ഉണ്ടാകുമെന്ന് എംഎൽഎ പറഞ്ഞു. എംഎൽഎ ഫണ്ടിൽനിന്നും 1.23 കോടി ചെലവഴിച്ചാണ് ഡയാലിസിസ് സെന്ററിന്റെ പ്രവൃത്തി നടത്തിയത്. പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിനായി മുഹമ്മദ് മുഹ്സിൻ എംഎൽഎ, പട്ടാമ്പി നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കേന്ദ്രത്തിൽ സന്ദർശനംനടത്തി. 2023 ഡിസംബർ പകുതിയോടെ ഡയാലിസിസ് കേന്ദ്രം തുറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും യന്ത്രങ്ങൾ എത്താത്തതിനാൽ വൈകുകയായിരുന്നു.
2023 നവംബറിൽ ജില്ലയിലെ വിവിധ താലൂക്കാശുപത്രികളിൽ സന്ദർശനം നടത്തുന്നതിനിടെ പട്ടാമ്പി താലൂക്കാശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജും സന്ദർശനം നടത്തിയിരുന്നു. തുടർന്നാണ് ഡയാലിസിസ് കേന്ദ്രത്തിന്റെ കെട്ടിടം സന്ദർശിച്ചത്. കെട്ടിടംപണി പൂർത്തിയായിട്ടും യന്ത്രങ്ങൾ എത്താത്തതിനാൽ യൂണിറ്റ് പ്രവർത്തനം തുടങ്ങാനാവുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
മന്ത്രി നേരിട്ടിടപെട്ട് നടപടി വേഗത്തിലാക്കാൻ നിർദേശംനൽകുകയും ചെയ്തു. എന്നാൽ യന്ത്രങ്ങൾ എത്തിക്കുന്ന ഏജൻസി മാറിയതോടെ വീണ്ടും കുറച്ചുകാലം തടസം നേരിട്ടു.
പട്ടാമ്പി താലൂക്കിലെ പട്ടാമ്പിനഗരസഭ, ഓങ്ങല്ലൂർ, വല്ലപ്പുഴ, കുലുക്കല്ലൂർ, കൊപ്പം, വിളയൂർ, തിരുവേഗപ്പുറ, മുതുതല, തൃത്താല, ചാലിശേരി, നാഗലശേരി, തിരുമിറ്റക്കോട്, പട്ടിത്തറ, ആനക്കര, കപ്പൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ സാധാരണക്കാരുടെ ആശ്രയമാണ് ഈ പദ്ധതി.