പാലക്കാട്-കുളപ്പുള്ളി പാതയിൽ കുഴികളടയ്ക്കാൻ പദ്ധതി
1495931
Friday, January 17, 2025 1:57 AM IST
ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പാതയിൽ കുഴികളടക്കാൻ നടപടിയായി. ഗർത്തങ്ങളാൽ സമൃദ്ധമായ പാതയിൽ അപകടം പതിയിരിക്കുകയാണ്. ഈ സാഹചര്യം പരിഗണിച്ചാണ് പാതയിലെ കുഴികളടക്കാൻ നടപടിയുണ്ടായത്.
ഒറ്റപ്പാലംമുതൽ കുളപ്പുള്ളിവരെ പാതയിൽ അപകടഭീഷണിയായി നിരവധി കുഴികളുണ്ട്. കഴിഞ്ഞ ദിവസം വാണിയംകുളം തെരുവിൽ കുഴിയിൽപെട്ട ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഒറ്റപ്പാലം ആശുപത്രിയിലേക്ക് പോവുകയായിരുന്ന വല്ലപ്പുഴ സ്വദേശി സഞ്ചരിച്ച ബൈക്ക് കുഴിയിൽചാടി ചെരിയുകയായിരുന്നു. ഇതുവഴിവന്ന കാൽനടയാത്രികരാണ് യുവാവിനെ രക്ഷിച്ചത്.
കഴിഞ്ഞ ജൂലൈയിൽ വാണിയംകുളം തെരുവിലുള്ള ഇതേ കുഴിയിൽവീണ് സ്കൂട്ടർ യാത്രികരായ കവളപ്പാറ കൃഷ്ണൻകുട്ടി (83), പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് കോൺക്രീറ്റുചെയ്ത് കുഴിയടച്ചതാണ്. എന്നാൽ, കോൺക്രീറ്റ് അടർന്ന് വീണ്ടും കുഴിയായി. സെമാൾക്ക് ആശുപത്രിക്ക് സമീപത്തും റോഡിലെ ആഴത്തിലുള്ള കുഴികൾ അപകടഭീഷണി ഉയർത്തുന്നുണ്ട്. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ പലഭാഗത്തും രൂപപ്പെട്ട കുഴികൾ അപകടഭീതി ഉയർത്തുന്നുണ്ട്.
നല്ല പാതയായതിനാൽ വാഹനങ്ങൾ പൊതുവേ വേഗത്തിലാണ് സഞ്ചരിക്കാറുള്ളത്. അധികൃതരോട് പരാതിനൽകിയാൽ കുഴികളിൽ കോൺക്രീറ്റ് മിശ്രിതമോ, ടാറോ വെറുതെ ഇടുകമാത്രമാണ് ചെയ്യുന്നത്. ഇതിനാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും തകരുന്നതായി ഡ്രൈവർമാർ പറഞ്ഞു.
പാലക്കാട്-കുളപ്പുള്ളി പാത, ഒറ്റപ്പാലം-മണ്ണാർക്കാട് പാതയടക്കം എട്ട് റോഡുകൾ കുഴിയടയ്ക്കാനുള്ള പദ്ധതിയുടെ ദർഘാസ് നടപടികൾ പൂർത്തിയായി. ഉടൻതന്നെ പണി തുടങ്ങുമെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു.