എസ്പിസി വിദ്യാർഥികൾ പൊതുനിരത്ത് ശുചീകരിച്ചു
1495628
Thursday, January 16, 2025 2:28 AM IST
അഗളി: അഗളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അഗളി പൊതുജനാരോഗ്യകേന്ദ്രം മുതൽ ഗൂളിക്കടവ് ജംഗ്ഷൻ വരെയുള്ള പൊതുനിരത്ത് ശുചീകരിച്ച് മാതൃകയായി. ആനക്കട്ടി മണ്ണാർക്കാട് റോഡിൽ ഏറ്റവുമധികം മാലിന്യം കുമിഞ്ഞുകൂടുന്ന ഈ പ്രദേശത്തു നിന്നും പതിനഞ്ചു ചാക്ക് പ്ലാസ്റ്റിക് മാലിന്യം എസ്പിസി കേഡറ്റുകൾ ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറി. എസ്പിസി ദ്വിദിന സ്പെഷൽ ക്യാമ്പിന്റെ ഭാഗമായി നടത്തിയ ശുചീകരണയജ്ഞത്തിന് അഗളിയിലെ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റും അഗളി പ്രാഥമികാരോഗ്യകേന്ദ്രവും പൂർണപിന്തുണയുമായി ഒപ്പം ചേർന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം. ലത്തീഫ്, പിടിഎ അധ്യക്ഷൻ എം. ജാക്കീർ, ഹെൽത്ത് സൂപ്പർവൈസർ ടോംസ് വർഗീസ്, ഹെഡ്മിസ്ട്രസ് ഇൻചാർജ് ഷെമിമോൾ, പ്രിൻസിപ്പൽ ഇൻചാർജ് ജി. ഷീന, ഡ്രിൽ ഇൻസ്ട്രക്ടർ ജ്യോതി, സിപിഒ മാരായ സിസിലി സെബാസ്റ്റ്യൻ, നിഷ ബാബു, അജീഷ് കുമാർ, കണിമോൾ എന്നിവർ റോഡ് ശുചീകരണത്തിന് നേതൃത്വം നല്കി.