മാലിന്യനിക്ഷേപകേന്ദ്രം ഇനി പൂന്തോട്ടക്കവല
1495622
Thursday, January 16, 2025 2:28 AM IST
വണ്ടിത്താവളം: മാലിന്യദുർഗന്ധത്തിൽ മൂക്കുപൊത്തി സഞ്ചരിച്ച യാത്രികർക്ക് ആശ്വാസമായി കരുണ മെഡിക്കൽ കോളജ് നഴ്സിംഗ് എൻഎസ്എസ് വിദ്യാർഥിനികൾ ഇരിപ്പിടവും കൊച്ചുപൂന്തോട്ടവും ഉൾപ്പെടെയുള്ള വാടിക പണിതു.
മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകൾ കുറുകെ ഓടി ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് പലതവണ അപകടങ്ങൾ നടന്നിട്ടുണ്ട്.
രാത്രിസമയങ്ങളിൽ ഇരുചക്രവാഹനങ്ങളിലാണ് കോഴിവേസ്റ്റ്, പച്ചക്കറിമാലിന്യം ഉൾപ്പെടെ തള്ളുന്നത്. സമീപത്തായി ഒരു കല്യാണമണ്ഡപവും പ്രവർത്തിച്ചുവരുന്നുണ്ട്. ചൂടിനെ പ്രതിരോധിക്കാൻ മരത്തണലിലെത്തുന്നവർക്ക് ഏറെ ആശ്വാസമായിരിക്കുകയാണ് വാടിക. യാത്രക്കാർക്ക് വിശ്രമത്തിനായി മുള ഉപയോഗിച്ചുള്ള ഇരിപ്പിടവും നിർമിച്ചിട്ടുണ്ട്. എൻഎസ്എസ് വിദ്യാർഥികളുടെ പൊതുസേവനം മാനിച്ച് സമീപവാസിയായ ശിവൻ നട്ടുവച്ച പൂച്ചെടികളിൽ വെള്ളമൊഴിച്ച് പരിചരിച്ചു വരുന്നുമുണ്ട്. മാലിന്യ ദുർഗന്ധത്തിൽ അലങ്കോലമായ സ്ഥലം ഇനിമുതൽ പുഷ്പ സുഗന്ധത്തിൽ കമനീയമാവുകയാണ്. വൈകാതെ സമീപത്തു തന്നെ വേനൽ വിപണി ലക്ഷ്യമിട്ട് ശീതള പാനീയ സ്റ്റാൾ തുടങ്ങാനും ഒരു വ്യാപാരി മുന്നോട്ടുവന്നിട്ടുണ്ട്. അന്തർ സംസ്ഥാനപാതയെന്നതിനാൽ സഞ്ചാരികൾ കൂടുതലായി എത്തുന്ന വഴിയാണിത്.