നെല്ലിയാമ്പതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ അനിശ്ചിതകാല സത്യഗ്രഹസമരം തുടങ്ങി
1495632
Thursday, January 16, 2025 2:28 AM IST
നെല്ലിയാമ്പതി: പോളച്ചിറക്കൽ സ്കൂളിൽ ആവശ്യത്തിനു അധ്യാപകരെ നിയമിക്കണം എന്നാവശ്യപ്പെട്ടും പാലക്കാട്- നെല്ലിയാമ്പതി- കാരപ്പാറ കെഎസ്ആർടിസി ബസ് സർവീസ് പുനരാരഭിക്കണം എന്നാവശ്യപ്പെട്ടും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി.
പോളച്ചിറക്കൽ സ്കൂളിൽ മൂന്നോളം വിഷയങ്ങളിൽ ക്ലാസെടുക്കാൻ അധ്യാപകരില്ലാതെ മാസങ്ങളായി. ശുചിമുറികളിൽ വെള്ളമില്ലാത്ത സ്ഥിതിയുണ്ട്. സ്കൂൾപരിസരം മാലിന്യക്കൂമ്പാരം അടിഞ്ഞുകിടക്കുകയും കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലുമാണ്. ഈ പ്രദേശത്തെ ആളുകളും സ്കൂൾ വിദ്യാർഥികളും ആശ്രയിച്ചുവരുന്ന കാരപ്പാറ കെഎസ്ആർടിസി ബസ് സർവീസ് മാസങ്ങളായി നിലച്ചിരിക്കുകയാണ്. സത്യഗ്രഹ സമരം ഡിസിസി ഉപാധ്യക്ഷൻ അഡ്വ. സുമേഷ് അച്ചുതൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനോദ് ചക്രായി മുഖ്യപ്രഭാഷണം നടത്തി. അഡ്വ.സി.സി. സുനിൽ, എം.ആർ. നാരായണൻ, പ്രിൻസ് ജോസഫ്, പി.ഒ. ജോസഫ്, കെ. സുരേഷ് കുമാർ, ഷിബു, മുഹമ്മദ് റാഫി, ഹാരിസ് തോട്ടത്തിൽ, സുഹേഷ് കളത്തിൽ എന്നിവർ പ്രസംഗിച്ചു.