ഉപകരണങ്ങൾ കൈമാറി
1495624
Thursday, January 16, 2025 2:28 AM IST
അഗളി: കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് ഫെഡറൽ ബാങ്ക് മണ്ണാർക്കാട് ശാഖ വഴി അൾട്രാസോണിക് സ്കാൽപ്പൽ സിസ്റ്റം കൈമാറി. ശസ്ത്രക്രിയയ്ക്കു ബ്ലഡ് നഷ്ടം കുറച്ച് ഓപ്പറേഷൻ നടത്തുന്നതിന് ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണമാണിത്. സാധാരണ ഉപയോഗിക്കുന്ന മെഷീനെക്കാൾ എളുപ്പത്തിലും വേഗതയിലും ബ്ലഡ് നഷ്ടമാകാതെ ശസ്ത്രക്രിയ എളുപ്പത്തിൽ പൂർത്തീകരിക്കാൻ ഇതിലൂടെ സാധ്യമാകും. ഫെഡറൽ ബാങ്ക് ഫൗണ്ടർ കെ.പി. ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ കീഴിലുള്ള സിആർഎസ് ഇനിഷ്യേറ്റീവ് ആണ് ആശുപത്രിക്കു മെഷീൻ നൽകുന്നതിന് മുൻകൈയെടുത്തത്.
12.30 ലക്ഷത്തിനുമുകളിൽ ചെലവുവരുന്ന ഉപകരണം ബ്രാഞ്ച് ഹെഡ് കെ.ടി. സുരേഷിന്റെ നേതൃത്വത്തിലാണ് ആശുപത്രിക്കു കൈമാറിയത്. ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. പദ്മനാഭൻ, ഓപ്പറേഷൻ തിയേറ്റർ എച്ച്ഡിഒ ഡോ. രാഹുൽ, സീനിയർ നഴ്സിംഗ് ഓഫീസർ സി. ജെസ്നി എന്നിവർ ഉപകരണം ഏറ്റുവാങ്ങി. നഴ്സിംഗ് ഓഫീസർമാരായ അജിത്ത്, ശ്രീമോൾ, ടെക്നോളജിസ്റ്റ് സഹബാസ് എന്നിവർ സന്നിഹിതരായി.