മനംമയക്കാൻ മലന്പുഴ ഉദ്യാനം
1495629
Thursday, January 16, 2025 2:28 AM IST
മലന്പുഴ: കാണികളുടെ മനംമയക്കാൻ മലന്പുഴ ഉദ്യാനം അണിഞ്ഞൊരുങ്ങി. പുഷ്പോത്സവം ഇന്നുമുതൽ. ജലസേചനവകുപ്പും ഡിടിപിസിയും സംയുക്തമായാണ് പൂക്കളുടെ വിസ്മയലോകം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനം ഇന്നുരാവിലെ പതിനൊന്നിനു എ. പ്രഭാകരന് എംഎല്‍എ നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിരവധി സന്ദര്‍ശകര്‍ ഇത്തവണ പുഷ്പോത്സവം സന്ദര്‍ശിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയായിരിക്കും പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. മേളയോടനുബന്ധിച്ച് കലാ സാംസ്കാരിക പരിപാടികളും നടക്കും. 22 ന് പുഷ്പോത്സവം സമാപിക്കും.
വിദേശികളും
സ്വദേശികളും!
പുഷ്പോത്സവത്തില്‍ വിദേശികളും, സ്വദേശികളുമായ വൈവിധ്യമാര്‍ന്ന പൂക്കള്‍ കാണുക മാത്രമല്ല അവ വാങ്ങാനും സാധിക്കും. 12 നഴ്സറികളിലായി മിതമായ നിരക്കില്‍ ചെടികള്‍ ലഭിക്കും.
ആഫ്രിക്കന്‍ ഫ്രഞ്ച്മേരി, ഗോള്‍ഡ് എന്നീ ഇനങ്ങളിലുള്ള വിവിധ ഇനം ചെണ്ടുമല്ലികള്‍ പ്രധാന ആകര്‍ഷണങ്ങളാകും.
ഓര്‍ക്കിഡ്, സൂര്യകാന്തി, കോസ്മോസ്, പെറ്റിയൂണിയ, മേരിഗോള്‍ഡ് തുടങ്ങി നിരവധി ഇനങ്ങളിലും നിറങ്ങളിലുമുള്ള പൂഷ്പങ്ങള് മേളയില്‍ ഒരുക്കിയിട്ടുണ്ട്. പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച മൃഗങ്ങളുടേയും പക്ഷികളുടേയും മാതൃകകള്‍ കൗതുകം ഉണര്‍ത്തുന്നതാണ്.
ഭക്ഷണവും കഴിക്കാം
രുചിയുടെ പുത്തന്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും പുഷ്പോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പാലക്കാടിന്റെ തനതുവിഭവങ്ങളും ഗോത്രവിഭവങ്ങളും ഉള്‍പ്പെടുത്തി 19 വ്യത്യസ്ത ഫുഡ് സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.
തിരക്കുണ്ടാക്കരുതേ...
പുഷ്പോത്സവവുമായി ബന്ധപ്പെട്ട് ഉദ്യാനത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്കായി ഇന്നുമുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഉദ്യാനത്തിലേക്കുവരുന്ന വിനോദ സഞ്ചാരികള്‍ മലമ്പുഴ ഗവ. ഐടിഐ ഗ്രൗണ്ടിലും മലമ്പുഴ ഇറിഗേഷന്‍ ഗ്രൗണ്ടിലും മലമ്പുഴ സ്കൂളിനു എതിര്‍വശത്തുള്ള ഗ്രൗണ്ടിലുമായി വാഹനങ്ങള്‍ പാര്‍ക്കുചെയ്യണം. ശേഷം വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയ കെഎസ്ആര്‍ടിസി ബസില്‍ ഉദ്യാനത്തിലേക്കു പോകണം.
കഞ്ചിക്കോട് ഭാഗത്തു നിന്നും വരുന്നവർ റോക്ക് ഗാര്‍ഡനു സമീപമുള്ള നിര്‍മലമാതാ സ്കൂള്‍ ഗ്രൗണ്ടിലും മലമ്പുഴ പുതിയ ബസ് സ്റ്റാന്റിലും വലിയ വാഹനങ്ങള്‍ റോഡിന്റെ ഇടതുവശം ചേര്‍ത്തും പാര്‍ക്കുചെയ്ത ശേഷം പ്രത്യേകം ഒരുക്കിയ കെഎസ്ആർടിസി ബസിൽ ഉദ്യാനത്തിലേക്കു പോകണം.