അമ്പലപ്പാറയിൽ സൗരോർജവേലി സ്ഥാപിക്കാൻ പദ്ധതി
1495929
Friday, January 17, 2025 1:57 AM IST
ഒറ്റപ്പാലം: വന്യജീവിശല്യത്തിന് തടയിടാൻ കൃഷിയിടങ്ങളിൽ സൗരോർജവേലി സ്ഥാപിക്കാൻ പദ്ധതി. അമ്പലപ്പാറയിലെ പാടശേഖരങ്ങളിലാണ് സൗരോർജവേലി സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയത്.
കൃഷിഭവനുകീഴിലെ 22 പാടശേഖര സമിതികളിലാണ് സൗരോർജവേലി സ്ഥാപിക്കുന്നത്. ഇതിനുവേണ്ട 3.30 ലക്ഷം രൂപയുടെ ആദ്യഘട്ട പദ്ധതിനിർദേശം പഞ്ചായത്തിന് സമർപ്പിച്ചു. പാടശേഖരങ്ങളിൽ പന്നിശല്യം രൂക്ഷമായതിനുപിന്നാലെ പാടശേഖരസമിതികൾ പഞ്ചായത്തിനെയും കൃഷിഭവനെയും സമീപിച്ചതോടെയാണ് പദ്ധതി തയ്യാറാക്കിയത്. ഒരു യൂണിറ്റ് വേലി സ്ഥാപിക്കുന്നതിലൂടെ 15 ഏക്കർ പാടത്തിന് സുരക്ഷയൊരുക്കാൻ കഴിയും.
സൗരോർജ യൂണിറ്റിനുപുറമേ കമ്പിവേലി കർഷകരുടെകൂടി സഹായത്തോടെയാണ് സ്ഥാപിക്കുന്നത്. ഇതിനുള്ള ഫണ്ട് സബ്സിഡി നിരക്കിലാണ് ലഭ്യമാക്കുന്നത്. ഒരു യൂണിറ്റിന് 30,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 15,000 രൂപ പാടശേഖരസമിതികൾകൂടി വഹിക്കുന്ന വിധത്തിലാണ് പദ്ധതി. കൃഷിഭവനുമായി സഹകരിച്ച് പഞ്ചായത്തുപരിധിയിലെ എല്ലാ പാടശേഖരങ്ങളിലും യൂണിറ്റുകൾ സ്ഥാപിച്ച് വന്യജീവിശല്യം ഒഴിവാക്കാനാണ് ലക്ഷ്യം. ഒരു സ്ഥലത്ത് വൈദ്യുതവേലി സ്ഥാപിക്കാൻ ഏകദേശം 60,000 മുതൽ 80,000 രൂപവരെ ചെലവ് വരുന്നുണ്ടെന്ന് കർഷകർ പറയുന്നു.
കാട്ടുപന്നികളടക്കമുള്ള വന്യജീവിശല്യത്തെത്തുടർന്ന് കർഷകർ കൃഷിയിൽനിന്ന് പിന്മാറുന്നത് ഒഴിവാക്കാനാണ് വൈദ്യുതവേലി സ്ഥാപിക്കുന്നത്. ദൗത്യസംഘത്തെ ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവെച്ച് കൊന്നിട്ടും ശല്യംകുറയാത്ത പ്രശ്നമുണ്ടായിരുന്നു.
അമ്പലപ്പാറയിൽ 400 ഹെക്ടറിലാണ് രണ്ടാംവിള കൃഷിയിറക്കിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.
ഫണ്ട് അനുവദിക്കപ്പെടുന്നതോടെ വൈദ്യുതവേലി സ്ഥാപിച്ചുതുടങ്ങുമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു.