ജലവൈദ്യുതി ഉത്പാദനവും കുടിവെള്ളവും പ്രതിസന്ധിയിൽ
1495922
Friday, January 17, 2025 1:57 AM IST
കല്ലടിക്കോട്: കല്ലടിക്കോടൻ മലയിൽനിന്നും ഉത്ഭവിക്കുന്ന മീൻവല്ലംപുഴ വറ്റിവരണ്ടു. വൈദ്യുതി ഉത്പാദനവും കുടിവെള്ളവും പ്രതിസന്ധിയിൽ.
വേനൽ കടുത്തതോടെ പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ ഉണക്കം ബാധിച്ചതാണു നീരൊഴുക്കു നിലയ്ക്കാൻ കാരണമായത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നുമുണ്ട്.
എന്നാൽ വേനൽ കടുക്കുകയും പുഴ വറ്റിവരളുകയും ചെയ്തതോടെ വൈദ്യുതി ഉത്പാദനവും പ്രതിസന്ധിയിലാണ്. നീരൊഴുക്ക് കുറഞ്ഞതോടെ തുപ്പനാട്പുഴയിലെ വെള്ളത്തിന്റെ അളവും കുറഞ്ഞു.
പ്രദേശത്തെ കൃഷികളും കരിഞ്ഞുണങ്ങാൻ തുടങ്ങി. പുഴവെള്ളത്തെ ആശ്രയിച്ചു പച്ചക്കറികൃഷി ചെയ്തവരും നേന്ത്രവാഴ വച്ചവരുമാണ് ഏറെ പ്രതിസന്ധിയിലായത്.
മലയോര മേഖലയിൽ പുഴ പൂർണമായും വറ്റുന്നത് ഇതാദ്യമാണെന്നു പ്രദേശത്തെ കർഷകർ പറയുന്നു. മാർച്ച്, ഏപ്രിൽ മാസമാകുമ്പോഴേക്കും ഉണക്കംകൂടാനും കൃഷികൾ ഉണങ്ങിനശിക്കാനും കാരണമാകുമെന്നും കർഷകർ പറയുന്നു. കഴിഞ്ഞ ഇരുപതുവർഷത്തിനിടയിൽ ഇങ്ങനെ ഉണക്കമുണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.