മൂർത്തിക്കുന്നിൽ നരകജീവിതം
1495924
Friday, January 17, 2025 1:57 AM IST
ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസികളുടെ ജീവിതകാഴ്ചകൾ ഹൃദയഭേദകം. 40 സെന്റ് സ്ഥലത്ത് തിരിയാൻ ഇടമില്ലാതെ കഴിയുന്നത് 25 കുടുംബങ്ങൾ. അതും ചുട്ടുപൊള്ളുന്ന പാറപ്പുറങ്ങൾ. ഒരടി താഴ്ചയിൽ മണ്ണുപോലും ഇല്ലാത്ത പ്രദേശമാണു മുഴുവൻ. തീപ്പെട്ടിക്കൂടുപോലെ തൊട്ടുരുമ്മിയാണ് വീടുകളെല്ലാം. വീട്ടുകാർക്കൊന്നും കക്കൂസോ കുളിമുറിയോ ഇല്ല.
ഒരാൾ മരിച്ചാൽ അടക്കം ചെയ്യാൻപോലും ഇടമില്ല. മുഴുവൻ പാറപ്പുറമായതിനാൽ കുഴി കുത്താനും കഴിയില്ല. വീട്ടുമുറ്റത്തോ അടുക്കളയിലോ മൃതദേഹം കിടത്തി ചുറ്റും കല്ലുകെട്ടി അതിൽ മണ്ണുനിറച്ചാണ് മൃതദേഹം മറവുചെയ്യുന്നത്.
വലിയ പാറക്കല്ലുകൾ കയറ്റിവച്ച് മൃതദേഹം നായ്ക്കൾ മാന്തുന്നതു തടയും. അടക്കം ചെയ്താൽ ദുർഗന്ധം അറിയാതിരിക്കാൻ മാസങ്ങളോളം കുന്തിരിക്കം പോലെയുള്ള എന്തെങ്കിലും വീടിനു ചുറ്റും പുകയ്ക്കും. കക്കൂസ് ഇല്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾക്ക് പെൺകുട്ടികൾക്കും പ്രായമായവർക്കുമെല്ലാം താഴെയുള്ള തോട്ടിൽ പോകണം. കുളിയും തുണി കഴുകലും ഈ തോട്ടിൽ തന്നെ. കുടിവെള്ളത്തിനുള്ള ആശ്രയവും ഈ തോട്ടുവെള്ളം. വേനലായാൽ വെള്ളത്തിന്റെ ലഭ്യത രൂക്ഷമാകും. അതോടൊപ്പം ഭീഷണിയായി ത്വക് രോഗങ്ങളും പകർച്ചാവ്യാധികളും പടരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കുടിവെള്ള പദ്ധതികൾ പലതുമുണ്ടെങ്കിലും കൃത്യമായി വെള്ളം കിട്ടാറില്ലെന്നു ആദിവാസി കുടുംബങ്ങൾ പറയുന്നു.
22 വർഷം മുമ്പ് പഞ്ചായത്ത് നിർമിച്ചു നൽകിയിട്ടുള്ള വീടുകളെല്ലാം അസൗകര്യങ്ങളുടെ കൂടാരങ്ങളാണ്. 350 ചതുരശ്ര വിസ്തീർണത്തിൽ മാത്രമാണ് ഓരോ വീടുകളും. മിക്കവീടുകളും തകർന്ന് ഏതുസമയവും വീഴാമെന്ന നിലയിലുമാണ്. വീടുകളിൽ വയറിംഗ് നടത്തിയതിലെ അപാകതമൂലം ഒമ്പതുവർഷംമുമ്പ് ഭീമമായ വൈദ്യുതിബില്ലും അപകടസാധ്യതകളുമുണ്ടായത് വലിയ വാർത്തകളായിരുന്നു.
ജീവിക്കുന്ന രക്തസാക്ഷികൾ..
കോളനിയിലെ ലക്ഷ്മിയുടെ മകൻ നാല്പത്തിയഞ്ചുകാരൻ ചന്ദ്രൻ കിഡ്നി രോഗിയാണ്. ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടത്തണം. എന്നാൽ ഇതിനുള്ള ചെലവ് കണ്ടെത്താൻ കഷ്ടപ്പെടുകയാണ് കുടുംബം.
സുമനസുകളുടെ കാരുണ്യത്തിലാണ് ഓരോ തവണയും ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തുന്നത്. കോളനിയിലെ കൃഷ്ണന്റെ ജീവിതവും ദുരിതപൂർണമാണ്. രണ്ടു പതിറ്റാണ്ടായി കാലിലെ വ്രണംപഴുത്ത് പുറത്തുപോകാനാകാതെ വീട്ടിൽ തന്നെയാണ് ഈ അന്പത്തിയെട്ടുകാരൻ. ഉൾക്കാടുകളിൽ പോയ ഇഞ്ചവെട്ടി ഉണക്കി അതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് പല കുടുംബങ്ങളും നിത്യ ചെലവുകൾ നടത്തുന്നതെന്ന് മൂപ്പൻ വേലായുധൻ പറഞ്ഞു.
പുറംലോകം അറിഞ്ഞത്...
2015 നവംബർ 21ന് അന്നത്തെ ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസറായിരുന്ന കെ.സി. ചെറിയാൻ കോളനി സന്ദർശിച്ച് ദുരവസ്ഥ നേരിട്ടുകണ്ടതോടെയാണ് മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങളുടെ ദൈന്യസ്ഥിതി പുറംലോകം കൂടുതൽ അറിയാൻ തുടങ്ങിയത്.
ഇതിനെ തുടർന്നാണ് ഒരു മാസത്തെ കത്തിടപാടുകൾക്കുശേഷം അടിസ്ഥാന സൗകര്യങ്ങൾക്കായി 2016 ജനുവരി 15 ന് മൂർത്തിക്കുന്നിലെ വനഭൂമി കൈയേറി വീടിനും കൃഷി ഭൂമിക്കുമായുള്ള ആദിവാസികളുടെ ഭൂസമരം ആരംഭിച്ചത്. 25 കുടുംബങ്ങളുണ്ട് മൂർത്തിക്കുന്നിൽ.
ഇതിൽ 14 കുടുംബങ്ങൾ മേലാർക്കോട് പഞ്ചായത്തിൽ ഇവർക്കായി കണ്ടെത്തിയ സ്ഥലത്തേക്ക് പോകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും അവിടെ വീട് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാത്തതിനാൽ ഈ കുടുംബങ്ങളും മൂർത്തിക്കുന്നിൽ തന്നെയാണ്.