ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ പ്രതിഷേധം പതിവാകുന്നു
1495623
Thursday, January 16, 2025 2:28 AM IST
ഷൊർണൂർ: ട്രെയിനിന്റെ വൈകിഓട്ടം നിലമ്പൂർ മേഖലയിലേക്കുള്ള യാതക്കാർക്ക് വെല്ലുവിളിയാവുന്നു. കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് ആണ് സ്ഥിരമായി വൈകി ഓടുന്നത്. ഇതുമൂലം നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ഷൊർണൂരിൽ കുടുങ്ങുന്നത് പതിവായി തീർന്നിരിക്കുകയാണ്. ഒന്നരമണിക്കൂർ വരെ ചിലപ്പോൾ ഈ വണ്ടി വൈകുന്നുണ്ട്.
ട്രെയിനിന്റെ പ്രശ്നങ്ങൾ മൂലം റെയിൽവേസ്റ്റേഷനു മുമ്പിൽ യാത്രക്കാർ പ്രതിഷേധിക്കുന്നതും പതിവായിട്ടുണ്ട്.
തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള വണ്ടിയാണ് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്. കണക്ഷൻ ട്രെയിൻ പോയിക്കഴിഞ്ഞാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് യാത്രക്കാർക്ക്. നിലമ്പൂർക്കുള്ള ടിക്കറ്റ് എടുത്താണ് എറണാകുളം ഭാഗത്തുനിന്നുള്ളവർ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഷൊർണൂരിലെത്തുക. ടിക്കറ്റെടുക്കാനുള്ള സമയംപോലും കളയാതെ നിലമ്പൂർ പാസഞ്ചറിൽ കയറുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.
എന്നാലിതൊന്നും റെയിൽവേ അധികൃതർ ശ്രദ്ധിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞമാസം ഇതേ പ്രശ്നം ഉന്നയിച്ച് നിലമ്പൂർ യാത്രക്കാർ കോഴിക്കോട് പാസഞ്ചർ തടഞ്ഞിട്ടത് വിവാദമായിരുന്നു. സംഭവത്തിൽ 100 പേർക്കെതിരേ പോലീസും റെയിൽവേ സുരക്ഷാസേനയും കേസെടുത്തിട്ടുണ്ട്. പ്രശ്നം രൂക്ഷമാകുമ്പോഴും പരിഹരിക്കാൻ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഇടപെടുന്നില്ലെന്നതാണ് ആക്ഷേപം. ആലപ്പുഴ, കൊച്ചി, തൃശൂർ ഭാഗത്തുനിന്ന് നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനെയാണ് ആശ്രയിക്കുന്നത്. ഒരുവർഷം മുന്പുവരെ കാര്യമായ പരാതികളില്ലായിരുന്നു.
കണക്ഷൻ ട്രെയിൻ എന്നനിലയിൽ യാത്രക്കാർക്ക് നിലമ്പൂർ പാസഞ്ചർ ലഭിച്ചിരുന്നു. ട്രെയിനുകൾക്ക് പരസ്പരം കണക്ഷനില്ല എന്ന് റെയിൽവേ പ്രഖ്യാപിച്ചതോടെ യാത്രക്കാർ പെരുവഴിയിലായ സ്ഥിതിയാണ്. കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് കൃത്യസമയത്ത് ഷൊർണൂരിൽ എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കണ്ണൂർ എക്സിക്യുട്ടീവ് എത്തേണ്ടത് 7.55-നും നിലമ്പൂർ വണ്ടി പോകേണ്ടത് 8.15-നുമാണ്.
തിരുവനന്തപുരം ഡിവിഷന്റെ വണ്ടിയായതിനാൽ പാലക്കാട് ഡിവിഷന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. ചില ദിവസങ്ങളിൽ കണ്ണൂർ എക്സിക്യുട്ടീവ് പ്ലാറ്റ്ഫോമിൽ കയറുമ്പോഴായിരിക്കും നിലമ്പൂർ വണ്ടി പുറപ്പെടുന്നത്. ആളുകൾ ഓടിക്കയറാൻ ശ്രമിക്കാറുണ്ടെന്ന് പോലീസുകാർതന്നെ പറയുന്നു.