മൂർത്തിക്കുന്നിലെ ആദിവാസികുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കൽ അനിശ്ചിതത്വത്തിൽ
1495633
Thursday, January 16, 2025 2:28 AM IST
മംഗലംഡാം: വീടിനും കൃഷിഭൂമിക്കുമായി ഒമ്പതുവർഷത്തിലേറെയായി ഭൂസമരം നടത്തുന്ന കടപ്പാറ മൂർത്തിക്കുന്നിലെ 25 കുടുംബങ്ങളിൽ 14 കുടുംബങ്ങളെ മേലാർക്കോട്ടേക്കു മാറ്റാനുള്ള നടപടികൾ നാലുവർഷമായിട്ടും അനിശ്ചിതത്വത്തിൽ.
മേലാർകോട് പഞ്ചായത്തിലെ പഴുതറ കല്ലങ്കാട്ടേക്കാണ് 14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കളക്ടറുടെ ഇടപെടലിൽ പട്ടികവർഗ വികസന വകുപ്പ് നാലുവർഷം മുമ്പ് തീരുമാനിച്ചത്.
ഓരോ കുടുംബത്തിനും ഓരോ ഏക്കർവീതം ഭൂമി നൽകാനായിരുന്നു തീരുമാനം. ഊരുമൂപ്പനായിരുന്ന വേലായുധൻ ഉൾപ്പെടെയുള്ള കുടുംബങ്ങളാണ് മേലാർക്കോട്ടേക്ക് പോകാൻ സന്നദ്ധത അറിയിച്ചിരുന്നത്.
ഇതുപ്രകാരം 14 കുടുംബങ്ങൾക്ക് വീട് നിർമാണത്തിന്റെ ഭാഗമായി തറക്കെട്ടാൻ 90,000 രൂപ വീതം ലഭിച്ചതായി മൂപ്പൻ വേലായുധൻ പറഞ്ഞു. എന്നാൽ ഈ പണമൊന്നും ഇപ്പോൾ പല കുടുംബങ്ങളുടെയും കൈവശമില്ല. ഒന്നോ രണ്ടോ കുടുംബങ്ങൾ മാത്രമാണ് തറകെട്ടാൻ നൽകിയ പണം സൂക്ഷിച്ചിട്ടുള്ളത്. എന്നാൽ തറകെട്ടുന്ന സ്ഥലത്തേക്ക് കല്ലും മറ്റു സാധനങ്ങളും കൊണ്ടുപോകുന്നതിനുള്ള വഴിയില്ലെന്ന് ഈ വീട്ടുകാർ പറയുന്നു.
ഇറിഗേഷൻ സ്ഥലത്ത് നിൽക്കുന്ന മരങ്ങളാണ് വാഹനം കടത്തിക്കൊണ്ടു പോകാൻ തടസമായിട്ടുള്ളത്. ഏഴ് മരങ്ങളാണ് തടസമായുള്ളത്. ഈ മരങ്ങൾ മുറിച്ചു മാറ്റണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത് . ഇതിനു ഇറിഗേഷൻവകുപ്പിന്റെ അനുമതി വേണം. തങ്ങളുടെ രക്ഷക്ക് വരേണ്ട പട്ടികവർഗ വകുപ്പും ഒന്നും ചെയ്യുന്നില്ലെന്നാണു പരാതി.
മേലാർക്കോട് ഇവർക്ക് അനുവദിച്ച ഭൂമി വനപ്രദേശമല്ലാത്തതിനാൽ വന വിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആദിവാസികളായ ഇവർക്ക് മേലാർക്കോട് വീട് ഒരുക്കിയാലും ഉപജീവന മാർഗത്തിനായി കടപ്പാറയിലോ മറ്റു വനപ്രദേശങ്ങളിലോ പോകേണ്ടിവരും.
കൂട്ടായ്മ തകർത്ത് ഭൂസമരം പൊളിക്കാനുള്ള ഗൂഢനീക്കവും മേലാർക്കോട് സ്ഥലം കണ്ടെത്തിയതിനു പിന്നിലുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് ശരിവക്കുന്നതാണ് ഇപ്പോഴത്തെ ഇവരുടെ ദുരവസ്ഥ. 11 കുടുംബങ്ങളാണ് ഇപ്പോൾ ഭൂസമരവുമായി കടപ്പാറ മൂർത്തിക്കുന്നിലുള്ളത്.
മേലാർക്കോട്ടേക്ക് മാറാൻ സന്നദ്ധത അറിയിച്ച കുടുംബങ്ങളുടെ കടപ്പാറയിലെ ആനുകൂല്യങ്ങളും ഇപ്പോൾ ഇല്ലാതാക്കി. തൊഴിലുറപ്പു ജോലിയിൽ നിന്നു വരെ ഇവരെ ഒഴിവാക്കിയതോടെ നിത്യ ചെലവുകൾക്കും ചികിത്സക്കും പണമില്ലാതെ വലിയ കഷ്ടപ്പാടുകളിലാണ് കുടുംബങ്ങളുള്ളത്.
ഭൂസമരം ശക്തമാക്കാൻ തീരുമാനം
മംഗലംഡാം: വീടിനും കൃഷിഭൂമിക്കുമായി കടപ്പാറക്കടുത്ത് മൂർത്തിക്കുന്നിൽ ആദിവാസി കുടുംബങ്ങൾ നടത്തിവരുന്ന ഭൂസമരം കൂടുതൽ ശക്തമാക്കാൻ ഇന്നലെ സമരപ്പന്തലിൽ നടന്ന വാർഷിക സമ്മേളനം തിരുമാനിച്ചു. മാർച്ച് പത്തുമുതൽ ആദിവാസിസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യങ്ങൾക്കായി പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും.
വാർഷികസമ്മേളനം പിയുസിഎൽ ജനറൽ സെക്രട്ടറി അഡ്വ.പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു. ആദിവാസി സമിതി സംസ്ഥാന കോ- ഓർഡിനേറ്ററും കടപ്പാറ ഭൂസമര സംഘാടക സമിതി അംഗവുമായ സജീവൻ കള്ളിച്ചിത്ര അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ ഹമീദ് എരിമയൂർ, വിളയോടി ശിവൻകുട്ടി, വിളയോടി വേണുഗോപാൽ, രവീന്ദ്രൻ ചുള്ളിപറമ്പിൽ, സക്കീർ ഹുസൈൻ കൊല്ലങ്കോട്, ടി.എൽ. സന്തോഷ്, ബാബു തരൂർ, ടി.കെ. മുകുന്ദൻ, വസന്ത ഉണ്ണിക്കുട്ടൻ, യമുന സുരേഷ്, കെ.എൻ. ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. ഊരുമൂപ്പൻ വാസു ഭാസ്കർ പതാക ഉയർത്തി.