മലയോര ഹൈവേ നിർമാണം ഉടൻ
1495631
Thursday, January 16, 2025 2:28 AM IST
മണ്ണാർക്കാട്: മലയോര ഹൈവേ നിർമാണം ഉടൻ തുടങ്ങും. സർക്കാരും നിർമാണ കമ്പനിയും തമ്മിൽ പ്രവൃത്തികൾ തുടങ്ങാനുള്ള ധാരണയായി. ഉദ്യോഗസ്ഥർ ഇന്നു പരിശോധനക്കെത്തും.
പാതയുടെ ഒന്നാംഘട്ട നിർമാണം ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് ആണ് മേൽനോട്ടം വഹിക്കുക.
കാഞ്ഞിരംപാറ മസ്ജിദ് മുതൽ കുമരംപുത്തൂർ ചുങ്കം വരെ 18.1 കിലോമീറ്റർദൂരം 12 മീറ്റർ വീതിയിലാണ് ആദ്യഘട്ടം നിർമ്മിക്കുന്നത്. ഇതിനായി 91.4 കോടി രൂപ ചെലവഴിക്കാനാണ് ധാരണ. നഗരപ്രദേശങ്ങളിൽ നടപ്പാതയും കാത്തിരിപ്പുകേന്ദ്രങ്ങളും നിർമിക്കും.
വളവുകൾ സാധ്യമായിടത്തെല്ലാം നിവർത്തിയായിരിക്കും പാതയുടെ നിർമാണം.
കുമരംപുത്തൂർ- ഒലിപ്പുഴ സംസ്ഥാനപാത നവീകരിക്കുന്നതാണ് ആദ്യഘട്ടത്തിലെ മലയോര ഹൈവേ.
കുമരംപുത്തൂരിൽ കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ സംഗമിക്കും.
ഇവിടെ നിന്നും താണാവുവഴി പാലക്കാട് തൃശൂർ ഹൈവേയിൽ എത്തും. തുടർന്ന് കൊഴിഞ്ഞാമ്പാറ- പൊള്ളാച്ചി വഴി ഗോപാലപുരത്തെത്തും. ഗോപാലപുരത്തുനിന്നും കന്നിമാരിമേടു വരെയാണ് രണ്ടാംഘട്ടം. 2023 ഒക്ടോബറിലാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്.