മലമ്പുഴയിൽ "പൂക്കാല'ത്തിനു തുടക്കം
1495923
Friday, January 17, 2025 1:57 AM IST
മലമ്പുഴ: ഡാംഉദ്യാനത്തില് പൂക്കാലം -2025 പുഷ്പമേളയുടെ രണ്ടാംപതിപ്പിനു തുടക്കം. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും ജലസേചന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം എ.പ്രഭാകരന് എംഎല്‍എ നിര്‍വഹിച്ചു.
ഉദ്യാനത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. പഴയകാല സിനിമകളുടെ സ്ഥിരംഷൂട്ടിംഗ് കേന്ദ്രമായിരുന്ന ഉദ്യാനത്തിനു പഴയപേരു തിരിച്ചുപിടിക്കാനും ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുമായി സര്‍ക്കാരും ടൂറിസംവകുപ്പും ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.
മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന് അധ്യക്ഷത വഹിച്ചു. മലന്പുഴ പഞ്ചായത്ത്, ടൂറിസം, ഇറിഗേഷൻ വകുപ്പ് അധികൃതർ പങ്കെടുത്തു. ഒരാഴ്ച നീണ്ടു നില്ക്കുന്ന പുഷ്പമേള 22 ന് സമാപിക്കും. രാവിലെ ഒന്പതുമുതല് രാത്രി എട്ടുവരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. ആദ്യ ദിനമായ ഇന്നലെ പാലക്കാട് മിന്ധ്യാ ക്രിയേഷന്‍സ് അവതരിപ്പിച്ച മ്യൂസിക്കൽ ഷോ നടന്നു.