ഭാരതമാത സിഎംഐ പബ്ലിക് സ്കൂൾ വാർഷികം ‘ദി ഇൻവിൻസിബിൾ’ ഇന്ന്
1495928
Friday, January 17, 2025 1:57 AM IST
പാലക്കാട്: ഭാരതമാത സിഎംഐ പബ്ലിക് സ്കൂളിൽ വാർഷികാഘോഷം ‘ദി ഇൻവിൻസിബിൾ’ ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ കോയന്പത്തൂർ പ്രേഷിത പ്രോവിൻസ് പ്രോവിൻഷ്യൽ ഫാ. സാജു ചക്കാലയ്ക്കൽ സിഎംഐ അധ്യക്ഷത വഹിക്കും. പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കർ ഉദ്ഘാടനം നിർവഹിക്കും. പിഡിഎസ്എസ്സി പ്രസിഡന്റ് ഷാജി കെ. തയ്യിൽ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് നാഷണൽ ഹെഡ് ബിജു തോമസ് തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും.
സ്കൂൾ മാനേജർ ഫാ. ആന്റണി പുത്തനങ്ങാടി സിഎംഐ, ഭാരതമാത ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഫിലിപ്സ് പനയ്ക്കൽ സിഎംഐ, അഡ്മിനിസ്ട്രേറ്റർ ഫാ. അനിൽ തലക്കോട്ടൂർ സിഎംഐ, പിടിഎ പ്രസിഡന്റ് ആർ. റിജോയ് എന്നിവർ ആശംസകളർപ്പിക്കും. പ്രിൻസിപ്പൽ ഫാ. ലിന്റേഷ് ആന്റണി സിഎംഐ സ്വാഗതവും സ്കൂൾ ചെയർപേഴ്സണ് നേഹ നായർ നന്ദിയും പറയും.
ചന്ദ്രനഗറിൽ സ്ഥിതി ചെയ്യുന്ന ഭാരതമാത സിഎംഐ പബ്ലിക് സ്കൂൾ 2010 ൽ 38 കുട്ടികളുമായാണ് ആരംഭിച്ചത്. ഇന്ന് പ്രീ കെജി മുതൽ പന്ത്രണ്ടാംതരം വരെ 1850 കുട്ടികളും നൂറ്റിപ്പത്തോളം അധ്യാപകരും ഇരുപത്തഞ്ചോളം അനധ്യാപകരും അടങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന ഭാരതമാത സിഎംഐ പബ്ലിക് സ്കൂൾ ചുരുങ്ങിയ കാലയളവുകൊണ്ട് പത്താംതരത്തിലും പന്ത്രണ്ടാംതരത്തിലും മിക്ക വിഷയങ്ങളിലും 100 ശതമാനം വിജയം നേടി.
സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ്, കന്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിലായാണ് പന്ത്രണ്ടാംതരത്തിലെ ക്ലാസുകൾ നടന്നുവരുന്നത്. കലാകായിക മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ ഭാരതമാത കരസ്ഥമാക്കിയിട്ടുണ്ട്. കരാട്ടെ, ബോക്സിംഗ്, സ്കേറ്റിംഗ,് അബാക്കസ,് ആർച്ചറി തുടങ്ങി ഒട്ടേറെ പാഠ്യതേര പ്രവർത്തനങ്ങളും സ്കൂളിൽ പരിശീലിപ്പിക്കുന്നുണ്ട്. സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് അവാർഡ് വിതരണവും വിവിധ കലാപരിപാടികളും നടക്കും.