റോഡരികിൽ ഉണങ്ങിയ പാഴ്ചെടികൾ കത്തിയതു ഭീതിപരത്തി
1495626
Thursday, January 16, 2025 2:28 AM IST
കൊല്ലങ്കോട്: കാരപ്പറമ്പ് പാതയ്ക്കരികിൽ ഉണങ്ങിയ പാഴ്ചെടികൾക്കു തീപിടിച്ചത് ഭീതി പരത്തി. 100 മീറ്റർ ദൈർഘ്യത്തിലാണ് തീ പടർന്നുകത്തിയത്. വളവു തിരിഞ്ഞു വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് അപകടാവസ്ഥ തിരിച്ചറിഞ്ഞത്. അരമണിക്കൂറോളം ഇതുവഴി യാത്ര നിർത്തിവച്ചു. വഴിയാത്രികൻ അശ്രദ്ധമായി വലിച്ചിട്ട സിഗരറ്റുകുറ്റിയിൽനിന്നുമാണ് തീ പടർന്നതെന്നാണ് നിഗമനം.
ഈ സ്ഥലത്ത് വളവായതിനാൽ അപകടാവസ്ഥ ദൂരെനിന്നും കാണാൻ കഴിയുകയില്ല. റോഡിനു വീതി കുറവാണെന്നതിനാൽ തീ അണഞ്ഞശേഷവും കനത്തചൂട് അനുഭവപ്പെട്ടു.
തീപടർന്ന സമയത്ത് ബസോ മറ്റു വലിയ വാഹനങ്ങളോ എത്താതിരുന്നതിനാൽ അപകടം ഒഴിവായി. സ്കൂൾവിദ്യാർഥികളടക്കം നടന്നുപോകുന്ന പാതയാണിത്.
ഊട്ടറ മുതൽ മലയമ്പള്ളം വരെ റോഡിനിരുവശത്തും ഉണങ്ങി തീപിടിത്തസാധ്യതയുള്ള പാഴ്ചെടികൾ മുറിച്ച് നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.