പ്രദേശവാസികളിൽ ആശയക്കുഴപ്പം
1494488
Sunday, January 12, 2025 12:58 AM IST
വടക്കഞ്ചേരി: എംഎൽഎ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിന് വിരുദ്ധമായി പന്നിയങ്കര ടോൾ പ്ലാസയിൽ കരാർ കമ്പനി പതിച്ചിട്ടുള്ള പോസ്റ്റർ സംബന്ധിച്ച് എംഎൽഎ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ ഇടപ്പെട്ട് വ്യക്തത വരുത്താത്തത് പ്രദേശവാസികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
ടോൾ പ്ലാസയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾ വാഹനങ്ങളുടെ ഒറിജിനൽ ആർസി ബുക്കിന്റെ പകർപ്പും രണ്ട് തിരിച്ചറിയൽ രേഖകളും സഹിതം ഈ മാസം 15നു മുമ്പ് ടോൾ പ്ലാസയിൽ സാക്ഷ്യപ്പെടുത്തണമെന്നും അല്ലാത്തപക്ഷം സൗജന്യ യാത്ര അനുവദിക്കില്ലെന്നാണ് ടോൾ പ്ലാസയിൽ സൗജന്യ പാസ് അനുവദിച്ചിട്ടുള്ള ട്രാക്കുകളിൽ പതിച്ചിട്ടുള്ളത്. കടന്നു പോകുന്ന പ്രാദേശിക വാഹന ഉടമകളോടും ഇക്കാര്യം ടോൾ ബൂത്തിലുള്ളവർ പറയുന്നുമുണ്ട്.
എന്നാൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം എംഎൽഎ പി.പി. സുമോദ് വിളിച്ചുകൂട്ടിയ സർവകക്ഷി യോഗ തീരുമാനങ്ങളിൽ നിന്നും വ്യത്യസ്തമായി കരാർ കമ്പനിയുടെ ഈ നടപടി തള്ളണോ കൊള്ളണോ എന്ന സംശയത്തിലാണ് പ്രദേശവാസികളിപ്പോൾ. പല വാഹന ഉടമകളും ഇതിനകം തന്നെ ആർസി ബുക്കിന്റെ പകർപ്പും മറ്റു രേഖകളും ടോൾ ബൂത്തിൽ ഏല്പിക്കുന്നുണ്ട്. രേഖകൾ നൽകിയില്ലെങ്കിൽ 15 ന് ശേഷം സൗജന്യ പാസ് അനുവദിക്കില്ലെന്ന ടോൾ കമ്പനിയുടെ ഭീഷണിയാണ് കോപ്പികൾ സമർപ്പിക്കാൻ പ്രദേശവാസികൾ നിർബന്ധിതരാകുന്നത്. വിഷയത്തിൽ കൂട്ടായ തീരുമാനത്തോടെ നീങ്ങാൻ എംഎൽഎ ഇടപ്പെടണമെന്നാണ് ആവശ്യം. പ്രദേശവാസികളുടെ ടോൾ സംബന്ധിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ ചുമതലപ്പെടുത്താനും ഈ മാസം 30 വരെയുള്ള ദിവസങ്ങളിലായി ടോൾ പ്ലാസ വഴി കടന്നുപോകുന്ന പ്രദേശവാസികളായ ആറ് പഞ്ചായത്തുകളിലെ വാഹനങ്ങളുടെ മൊത്തം കണക്കെടുപ്പ് നടത്താനുമാണ് കഴിഞ്ഞ ഞായറാഴ്ച തീരുമാനിച്ചിരുന്നത്. ജോയിന്റ് ആർടിഒയുടെ സഹകരണത്തോടെ നടത്തുന്ന വാഹന കണക്കെടുപ്പിനു ശേഷം എംപി കെ. രാധാകൃഷ്ണനെ കൂടി പങ്കെടുപ്പിച്ച് ഫെബ്രുവരി അഞ്ചിന് വിഷയം വീണ്ടും ചർച്ച ചെയ്യുമെന്നായിരുന്നു എംഎൽഎ ഞായറാഴ്ച അറിയിച്ചത്.
അതുവരെ തത് സ്ഥിതി തുടരണമെന്നും ദേശീയപാതാ അഥോറിറ്റി പ്രതിനിധികളും കരാർ കമ്പനി അധികൃതരും പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചതായിരുന്നു.എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്റുമാരും ജനകീയ സമിതി ഭാരവാഹികളും പങ്കെടുത്തതായിരുന്നു സർവകക്ഷിയോഗം എന്നാൽ യോഗ തീരുമാനം അട്ടിമറിച്ച് കരാർ കമ്പനി സ്വന്തം നിലയിൽ എടുത്തിട്ടുള്ള നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയരുമ്പോഴും ഇനി എന്ത് ചെയ്യണമെന്നതിൽ വ്യക്തത വരുത്താൻ ജനപ്രതിനിധികൾക്ക് കഴിയാത്തത് ആശയക്കുഴപ്പം രൂക്ഷമാക്കുന്നുണ്ട്.