അട്ടപ്പാടിയിൽ ശിക്ഷക് സദൻ സ്ഥാപിക്കണം: കെഎസ്ടിയു വിദ്യാഭ്യാസജില്ലാ സമ്മേളനം
1494271
Saturday, January 11, 2025 1:24 AM IST
മണ്ണാർക്കാട്: വിനോദ സഞ്ചാര മേഖലയായ അട്ടപ്പാടിയിൽ ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷന്റെ കീഴിൽ ശിക്ഷക് സദൻ സ്ഥാപിക്കണമെന്നു കെഎസ്ടിയു വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സർവീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകർക്കും ആശ്രിതർക്കും യാത്രാവേളകളിൽ മിതമായ നിരക്കിൽ താമസസൗകര്യം, അധ്യാപകർക്കുള്ള റെസിഡൻഷ്യൽ പരിശീലനങ്ങൾ തുടങ്ങിയവക്കായി സംസ്ഥാനത്തു പത്ത് ശിക്ഷക് സദനുകൾ പ്രവർത്തിക്കുന്നുണ്ട്.
സൈലന്റ് വാലി ദേശീയോദ്യാനം ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് അട്ടപ്പാടിയിൽ ശിക്ഷക് സദൻ സ്ഥാപിക്കുന്നത് ഏറെ ഉപകാരപ്രദമാകും.
മണ്ണാർക്കാട് ഉപജില്ല വിഭജിച്ച് കോട്ടോപ്പാടത്തും അഗളിയിലും എഇഒ ഓഫീസുകൾ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ണാർക്കാട് ജിഎംയുപി സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി സിദ്ദീഖ് പാറോക്കോട് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി.പി. ഷിഹാബുദ്ദീൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇ.ആർ. അലി പ്രമേയ പ്രഭാഷണം നടത്തി.