സിപിഎം മാർച്ച് നടത്തി
1494485
Sunday, January 12, 2025 12:58 AM IST
കൊല്ലങ്കോട്: മുതലമട പഞ്ചായത്ത് ഭരണസമിതിക്ക് ശക്തമായ താക്കീതായി സിപിഎം മാർച്ച്. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ ഭരണപരാജയം മറച്ചുവെക്കാനും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരോടും പഞ്ചായത്ത് അംഗങ്ങളോടും നടത്തുന്ന ധിക്കാരപരമായ പെരുമാറ്റവും ഭരണസ്തംഭനത്തിനും വികസന മുരടിപ്പിനും കാരണമായി ആരോപണം ഉന്നയിച്ചു. സംസ്ഥാന സർക്കാർ എംപി, എംഎൽഎ എന്നിവരുടെ വികസന ഫണ്ട് പോലും അന്തമായ സിപിഎം വിരോധം മൂലം വിനിയോഗിക്കാത്തത് ജനരോഷത്തിനും ഭരണസമിതിയെ പിന്തുണക്കുന്ന ചില പഞ്ചായത്ത് അംഗങ്ങളുടെ അതൃപ്തിക്കും കാരണമായി.
ഇതെല്ലാം മറച്ചുവെക്കാൻ ഉദ്യോഗസ്ഥർക്കെതിരെയും സിപിഎം അംഗങ്ങൾക്കെതിരെയും കെട്ടുകഥകൾ ഉണ്ടാക്കുകയും പഞ്ചായത്ത് ഭരണത്തിന്നെതിരെ പ്രസിഡന്റും വൈസ് പ്രസിഡന്റും നടത്തുന്ന ആഭാസസമരം കേട്ടുകേൾവി ഇല്ലാത്തതാണ്. ആദിവാസി വിഭാഗക്കാരുടെ വികസനപ്രവർത്തനം വരെ നടപ്പിലാക്കാൻ ശ്രമിക്കാതെ നടത്തുന്ന ഭരണസമിതിയുടെ വികസന വിരുദ്ധനയത്തിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയതെന്ന് മാർച്ചിൽ പങ്കെടുത്തു സംസാരിച്ചവർ ആരോപണം ഉന്നയിച്ചു.
കാമ്പ്രത്ത് ചള്ളയിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ആദിവാസി വിഭാഗക്കാർ ഉൾപ്പെടെ നൂറുകണക്കിന് പേർ അണിനിരന്നു. തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധസമരം സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.