ലക്കിടി നട്ടക്കുളത്തിന്റെ സംരക്ഷണത്തിനു നാട്ടുകാരുടെ മുറവിളി
1494274
Saturday, January 11, 2025 1:24 AM IST
ഒറ്റപ്പാലം: നട്ടക്കുളത്തിനു സംരക്ഷണമൊരുക്കണമെന്നാവശ്യം. ലക്കിടി- പേരൂർ പഞ്ചായത്തിലെ മംഗലം നട്ടക്കുളത്തിനാണ് നവീകരണമാവശ്യം ഉയർന്നിരിക്കുന്നത്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള കുളത്തിന്റെ പടവുകൾ പാതി തകർച്ചയിലാണ്. കടവുകളും പടവുകളുമില്ലാത്ത നട്ടക്കുളത്തെ ആശ്രയിക്കുന്നത് നൂറുകണക്കിനാളുകളാണ്. പ്രദേശത്തെ കുടിവെള്ളത്തിനും മംഗലം, നട്ടപ്പാടം പാടശേഖരസമിതികൾക്കും പ്രയോജനപ്പെടുന്ന നട്ടക്കുളം നന്നാക്കിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു.
ചണ്ടിയും പായലും മൂടിക്കിടന്നിരുന്ന കുളം നാട്ടുകാരുടെ ദിവസങ്ങൾനീണ്ട ശ്രമഫലമായാണ് വൃത്തിയാക്കിയത്. കൊടുംവേനലിൽപ്പോലും വറ്റാത്ത നീരുറവയുള്ള കുളം സംരക്ഷിക്കാൻ അടിയന്തരനടപടികൾ വേണമെന്ന് പ്രദേശത്തെ കർഷകർ ആവശ്യപ്പെട്ടു. കുളം നവീകരണത്തിന് വൈകിയാൽ പ്രദേശത്തെ ഏക്കറുകണക്കിന് വരുന്ന നെൽക്കൃഷിയെ ബാധിക്കുമെന്നാണ് കർഷകരുടെ ആശങ്ക.
പടവുകൾ നന്നാക്കി കടവുകൾ നിർമിച്ച് കുളം നവീകരിക്കാൻ ഭീമമായൊരു തുക വേണമെന്നതിനാൽ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ സഹകരണവും സഹായവും വേണമെന്ന് പഞ്ചായത്തംഗം മിനി ജയൻ പറഞ്ഞു.