കരിമ്പുഴയിൽ സ്നേഹമധുരം 2കെ25 പദ്ധതി തുടങ്ങി
1494270
Saturday, January 11, 2025 1:24 AM IST
ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിന്റെ ഹോണറേറിയം ഉപയോഗിച്ച് നടത്തുന്ന സ്നേഹ മധുരം 2കെ25 പദ്ധതി തുടങ്ങി.
പഞ്ചായത്തിലും, ഘടക സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ചായയും പായസവും ഐസ്ക്രീമും നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ആഴ്ച്ചയിൽ നാലുദിവസം വിവിധ രുചികളിലുള്ള ചായ നൽകി ജനങ്ങളെ സ്വീകരിക്കും.
വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്നവരെ സമ്മാനം നൽകിയും സ്വീകരിക്കും. കൂടാതെ പഞ്ചായത്തിന്റെ സഹകരണത്തോടെ സെൽഫി കോർണറും സ്ഥാപിക്കും. പദ്ധതിയുടെ ഉദ്ഘാടനം കെടിഡിസി ചെയർമാൻ പി.കെ. ശശി നിർവഹിച്ചു. പ്രസിഡന്റ് കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പി.എ. തങ്ങൾ, കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് തെങ്ങിൻതോട്ടം, കരിമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ സാജിറ, സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. ഷൗക്കത്ത്, അനസ് പൊമ്പറ, സമീറ സലീം, ഉമ്മർ കുന്നത്ത്, സി. രജിത, സി. വിജിത, ഷീബ പാട്ടത്തൊടി, ടി. ഷീജ എന്നിവർ പ്രസംഗിച്ചു.