കന്നുകാലിക്കടത്തുവാഹനങ്ങൾ അതിർത്തികളിൽ പിടിച്ചുവയ്ക്കുന്നു
1494490
Sunday, January 12, 2025 12:58 AM IST
കുഴൽമന്ദം: അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന കന്നുകാലികളെ തമിഴ്നാട്, കർണാടക അതിർത്തികളിൽ ഗുണ്ടാസംഘം പിടിച്ചുവെച്ചതായി പരാതി. കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന മുപ്പതോളം കന്നുകാലി വണ്ടികളാണ് ഗുണ്ടാ സംഘം തടഞ്ഞ് വെച്ചിരിക്കുന്നത്.
പശുക്കളെ കടത്തുന്നുവെന്നാരോപിച്ചാണ് ഗുണ്ടാസംഘം അതിർത്തികളിൽ തടയുന്നത്. ഒരു ലോറിക്ക് 25, 000 മുതൽ 30,000 രൂപവരെയാണ് പിരിവ്. ഇവ നൽകാത്ത പക്ഷം കന്നുകാലികളെ തടഞ്ഞ് വെക്കുന്നതിന് പുറമെ തൊഴിലാളികളെ മർദ്ദിക്കുകയും ചെയ്യും. പരാതി നൽകിയാലും കർണാടക, തമിഴ്നാട് പോലീസുകാർ ഗുണ്ടകൾക്ക് അനൂകൂലമായി നിൽക്കുകയാണത്രെ.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിനാവശ്യമായ കന്നുകാലികൾ പ്രതിദിനം നാൽപതിലധികം അതിർത്തി കടന്നെത്തുന്നുണ്ട്. ഇവക്കെല്ലാം ഇത്തരത്തിൽ പിരിവ് നൽകേണ്ട സ്ഥിതിയാണ്. ഗുണ്ടാസംഘത്തിന്റെ ഇത്തരം പ്രവൃത്തി മൂലം കന്നുകാലി കച്ചവടം നടത്തേണ്ട സ്ഥിതിയാണ്.
ഇന്നലെ കന്നുകാലികൾ എത്താത്തതിനാൽ കുഴൽമന്ദം ചന്തയുടെ പ്രവർത്തനവും അവതാളത്തിലായി. ഇത് മൂലം ലക്ഷം കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഗുണ്ടാസംഘത്തെ അമർച്ച ചെയ്യുക, വിഷയത്തിൽ സർക്കാർ ഇടപെടുക, പിടിച്ചുവെച്ച കന്നുകാലികൾ വിട്ടു നൽകുക, തൊഴിൽ സംരക്ഷിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് കേരള കാറ്റിൽ മർച്ചന്റ്സ് അസോസിയേഷൻ കുഴൽമന്ദം ചന്തക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി യൂസഫ് നെല്ലിക്കുർശി, സംസ്ഥാന സമിതി അംഗം ഉമർ, സക്കീർഹുസൈൻ, മൻസൂർ എന്നിവർ പ്രസംഗിച്ചു.