നൂറുപേർക്കു സൈനികസേവനം ഉറപ്പാക്കിയ ജവാന് നാടിന്റെ ബിഗ് സല്യൂട്ട്
1494491
Sunday, January 12, 2025 12:58 AM IST
ഒറ്റപ്പാലം: വിവിധ സേനകളിലേക്ക് ശിക്ഷണം നൽകി 100 പേർക്ക് സൈനിക ജീവിതം ഉറപ്പാക്കാൻ യത്നിച്ച മുൻ ജവാന് നാടിന്റെ ആദരം. ജോലി സാധ്യമാക്കുന്നതിൽ സെഞ്ച്വറി പൂർത്തീകരിച്ച കടമ്പഴിപ്പുറം പുല്ലുണ്ടശേരി ദ്വാരകയിൽ മുൻ നാവിക സേനാ പെറ്റി ഓഫീസർ ശ്രീജിത്ത് എസ്. മേനോനാണ് ആദരമർപ്പിച്ചത്. അഡ്വ.കെ.പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സി. കൃഷണൻകുട്ടി അധ്യക്ഷത വഹിച്ചു. കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശ്രീലത എക്സ് സർവീസ്മെൻ സംസ്ഥാന സെക്രട്ടറി കെ.കൃഷ്ണകുമാർ, പാലക്കാടൻ സൈനിക സൗഹൃദ കൂട്ടായമ പ്രസിഡന്റ് എ.കെ. അനിൽകുമാർ, വി. ദിലീപ്, ഒ. ബാലകൃഷ്ണൻ, കെ. രമേഷ്, കെ. വത്സൻ, എസ്. സഞ്ജീവ്, ശ്രീജിത്തിന്റെ ടീം ടൈഗേഴ്സിൽ നിന്ന് വിവിധ സേനകളിൽ സർവീസ് ചെയ്യുന്നവർ, ട്രെയിനിംഗിലുള്ള കുട്ടികൾ, രക്ഷിതാക്കൾ, നാട്ടുകാർ, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ ആർമി, എയർ ഫോഴ്സ്, നേവി, റെയിൽവെ, സിഐഎസ്എഫ്, സിആർപിഎഫ്, ബിഎസ്എഫ്, ആസാം റൈഫിൾസ്, കേരള പോലീസ്, കേരള ഫയർഫോഴ്സ് തുടങ്ങിയ എല്ലാ മേഖലകളിലും ശ്രീജിത്തിന്റെ ശിഷ്യർ ഉണ്ട്. ശ്രീജിത്ത് നിലവിൽ എസ്ബിഐ ചെർപ്പുളശേരി ബ്രാഞ്ച് ജീവനക്കാരനാണ്.