ജാഗ്രതൈ! പൊതുവാൾ ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു
1494266
Saturday, January 11, 2025 1:24 AM IST
ഷൊർണൂർ: പൊതുവാൾ ജംഗ്ഷൻവഴി പോകുന്ന ഇരുചക്രവാഹനക്കാർ ജാഗ്രതൈ. പുതിയ പാതനിർമാണത്തിന്റെ ഭാഗമായുണ്ടായ ഉയരവ്യത്യാസം കാരണം നിങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്.
കാൽനടയാത്രക്കാർക്കും ഈ പാത പന്തിയല്ല. ഇരുചക്രവാഹനയാത്രികരും കുട്ടികളുമായി വരുന്ന രക്ഷിതാക്കളും വിദ്യാർഥികളുമെല്ലാം നടുറോഡിലെ ഉയരവ്യത്യാസത്തിൽ കാൽതട്ടി വീഴുകയാണ്. പൊതുമരാമത്ത് ഓഫീസിന് മുൻപിലാണ് ഈ അപകടാവസ്ഥ.
ഇവർ വീഴുന്നതുകണ്ട ഓട്ടോഡ്രൈവർമാർ ഇക്കാര്യം പൊതുമരാമത്ത് അധികൃതരെ അറിയിച്ചു. ഷൊർണൂർ പൊതുവാൾ ജംഗ്ഷൻ മുതൽ കൊച്ചിൻപാലം വരെയുള്ള പാതയുടെ നിർമാണപ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിച്ചതോടെയാണ് പാതയിൽ ഉയരവ്യത്യാസമുണ്ടായത്. പൊതുവാൾ ജംഗ്ഷനെത്തുന്നതിന് 50 മീറ്റർ മുൻപ് നിർമാണം അവസാനിപ്പിച്ചിരുന്നു.
പഴയ പാതയും പുതിയ പാതയും തമ്മിലുണ്ടായ ഉയരവ്യത്യാസമാണ് പ്രശ്നമാവുന്നത്. ബസിറങ്ങി പാത മുറിച്ചുകടക്കുന്ന വിദ്യാർഥികളും ഡോക്ടർമാരെ കാണാനായെത്തുന്ന രക്ഷിതാക്കളും നടുറോഡിൽ കാലിടിച്ചുവീഴുകയാണെന്ന് ഓട്ടോഡ്രൈവർമാർ പറയുന്നു.
പാതയുടെ മധ്യത്തിൽ വീഴുമ്പോൾ വാഹനങ്ങൾക്ക് മുമ്പിലായാൽ അപകടവുമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് ഡിവൈഡറുകൾ സ്ഥാപിക്കാമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. യാത്രക്കാർ പാത മുറിച്ചുകടക്കുന്നത് ഉയരവ്യത്യാസമില്ലാത്ത സ്ഥലത്തുകൂടിയാക്കാനാണ് ഡിവൈഡറുകൾ സ്ഥാപിക്കുക.