ഒറ്റപ്പാലം സാംസ്കാരികനിലയം നിർമാണം ദ്രുതഗതിയിൽ
1494482
Sunday, January 12, 2025 12:58 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം സാംസ്കാരികനിലയം നിർമാണം അതിവേഗത്തിൽ. കെട്ടിടത്തിന്റെ പ്ലിന്ത് ബീം നിർമാണം പൂർത്തിയായി. നഗരസഭ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തെ 62 സെന്റ് സ്ഥലത്താണ് സാംസ്കാരികനിലയം നിർമിക്കുന്നത്. രാഷ്ട്രീയ, സാംസ്കാരിക പരിപാടികൾ നടത്താനായി ഒരു കേന്ദ്രം എന്ന നിലയിലാണ് പദ്ധതി തുടങ്ങുന്നത്.
4.51 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം രണ്ട് നിലകളിലായി ആയിരം പേരെ ഉൾക്കൊള്ളുന്ന കെട്ടിടമാണ് നിർമിക്കുന്നത്. പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടാകും. നേരത്തെയുണ്ടായിരുന്ന രൂപരേഖയിൽനിന്ന് മാസ്റ്റർപ്ലാൻ വന്നതോടുകൂടി സാംസ്കാരികനിലയത്തിൽ മുൻഭാഗത്തെ യാർഡ്, ഓപ്പൺ എയർ ഗാലറി, പാർക്കിംഗ് എന്നിവ പുതിയതായി കൂട്ടിച്ചേർത്തിട്ടുണ്ട്. 2019-ലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.
എന്നാൽ സാങ്കേതികകാരണങ്ങളാൽ പദ്ധതി വർഷങ്ങളായി നീളുകയായിരുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് സാങ്കേതികാനുമതി ലഭിച്ചത്.പി. ഉണ്ണി എംഎൽഎ ആയിരിക്കെ 2018-19 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയാണ് സാംസ്കാരികനിലയത്തിന് തുക അനുവദിച്ചത്. ഒറ്റപ്പാലം പട്ടണത്തിൽ പരിപാടികൾ നടത്താൻ ആകെയുണ്ടായിരുന്നത് ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഓപ്പൺ ഓഡിറ്റോറിയം മാത്രമാണ്. പുനർനിർമാണത്തിന്റെ ഭാഗമായി ഇവിടം പൊളിച്ചിട്ടതിനാൽ ഉപയോഗിക്കാനാകാത്ത നിലയിലാണ്.
പട്ടണത്തിന് നടുവിലാണെന്നതും പാർക്കിംഗ് സ്ഥലമില്ലെന്നതും ഓപ്പൺ ഓഡിറ്റോറിയത്തിലെ അസൗകര്യങ്ങളായിരുന്നു. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് സാംസ്കാരികനിലയം നിർമിക്കാൻ തീരുമാനിച്ചത്.