ഒറ്റപ്പാലം നഗരസഭയ്ക്കെതിരേ വിമർശനവുമായി ബസുടമകൾ
1494267
Saturday, January 11, 2025 1:24 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം നരസഭക്കെതിരെ വിമർശനവുമായി ബസുടമകൾ. ബസ് സ്റ്റാൻഡിൽ നഗരസഭ ഉറപ്പുനൽകിയ സുരക്ഷാനടപടികൾ ഇനിയും ചെയ്തുതന്നില്ലെന്നാണ് ബസുടമ സംയുക്തസമിതി ആരോപിക്കുന്നത്.
ഉറപ്പുനൽകിയിട്ട് ഏഴുമാസം പൂർത്തിയായിട്ടും നഗരസഭ നടപടിയൊന്നുമെടുത്തില്ല. ഇനിയും നടപടിയുണ്ടാകാത്തപക്ഷം സ്റ്റാൻഡിൽ ബസുകൾ പഴയപോലെ നിർത്തിയിടുമെന്നുകാട്ടി ഉടമകൾ നഗരസഭാധ്യക്ഷയ്ക്കു പരാതിനൽകി.
സ്റ്റാൻഡിൽ ബസുകൾ നിർത്താനുള്ള ട്രാക്കുകൾ ചെരിഞ്ഞ നിലയിലാക്കുക, സ്റ്റാൻഡിനുള്ളിൽ പാർക്കിംഗ് സൗകര്യമൊരുക്കുക, ബസ് തൊഴിലാളികൾക്ക് വിശ്രമമുറി ഒരുക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ.
കൃത്യമായി ബസുകൾ നിർത്തിയിടുമ്പോഴും പുറകോട്ടെടുക്കുമ്പോഴും അപകടമുണ്ടാകാതിരിക്കാനാണ് ട്രാക്കുകൾ ചെരിഞ്ഞനിലയിലാക്കണമെന്ന ആവശ്യമുണ്ടായത്.
ഇപ്പോൾ ബസുകൾ പുറകോട്ടെടുക്കുമ്പോൾ തൂണുകളിലും മറ്റും തട്ടുന്നത് പതിവാണെന്നാണ് ഉടമകളും തൊഴിലാളികളും പറയുന്നത്. എന്നാൽ ഈ ക്രമീകരണങ്ങളൊന്നും ഇപ്പോഴും നടപ്പായില്ല.
കഴിഞ്ഞ സെപ്റ്റംബറിൽ ഇതെല്ലാം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നഗരസഭയെ സമീപിച്ചിരുന്നെന്നും ബസുടമകൾ പറയുന്നു.
ബസുകളുടെ പിറകുവശം വരാന്തയിലേക്കുവരുന്ന രൂപത്തിലാണ് കഴിഞ്ഞ മേയ് മാസംവരെ ബസുകൾ നിർത്തിയിരുന്നത്. പിന്നീടാണ് കെട്ടിടത്തിലെ കടമുറികൾക്കും വരാന്തയ്ക്കും അഭിമുഖമായി നിർത്തിയിടുന്നരീതിയിലുള്ള ക്രമീകരണം പോലീസും മോട്ടോർ വാഹനവകുപ്പും നഗരസഭയും ചേർന്ന് നടപ്പാക്കിയത്. ഇതിനൊപ്പമാണ് ബസ് തൊഴിലാളികൾ ഈ ആവശ്യങ്ങളും ഉന്നയിച്ചിരുന്നത്.
അത് നടപ്പാക്കാതിരുന്നാൽ വീണ്ടും ബസുകളുടെ പിറകുവശം വരാന്തയിലേക്ക് നിർത്തുന്ന രൂപത്തിൽ നിർത്തിയിടുമെന്നാണ് ബസുടമകൾ പറയുന്നത്.