കമ്പിച്ചുരുളഴിച്ചുമാറ്റി; തെരുവുനായ സ്വതന്ത്രയായി
1494265
Saturday, January 11, 2025 1:24 AM IST
അഗളി: കാലിൽ ചുറ്റികിടന്ന കമ്പി ചുരുൾ ഉണ്ടാക്കിയ മാരകമായ മുറിവുമായി രണ്ടുമാസത്തിലേറെ കഠിന വേദനപേറി കഴിഞ്ഞിരുന്ന തെരുവുനായയ്ക്ക് ആശ്വാസം. നായയുടെ ദുരവസ്ഥ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.സി. ഷാജി, വെറ്ററിനറി മൊബൈൽ യൂണിറ്റ് വിഭാഗം ഡോ. മരിയ എന്നിവരുടെ നിർദേശപ്രകാരം അഗളി സീനിയർ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം എത്തി തെരുവുനായക്ക് ചികിത്സ നൽകി. പ്രദേശവാസികളുടെ സഹായത്തോടെ നായയെ പിടികൂടി ഏറെ നേരത്തെ പരിശ്രമത്തിലൂടെ കാലിൽ ചുറ്റി കിടന്ന കമ്പി മുറിച്ചുമാറ്റി. മുറിവ് വച്ചുകെട്ടി പ്രതിരോധ കുത്തിവയ്പുകളും വേദന സംഹാരികളും നൽകി. മണിക്കൂറുകൾക്കു ശേഷം മയക്കത്തിൽ നിന്ന് ഉണർന്ന നായ ആരോഗ്യവതിയായി കാണപ്പെട്ടു. നായ്ക്കുട്ടികളെ തള്ളയുടെ അടുത്ത് നിന്നും സമീപവാസികൾ മാറ്റിയിട്ടുണ്ട്. അട്ടപ്പാടി പുലിയറയിലാണ് പരിക്കേറ്റ നിലയിൽ കുഞ്ഞുങ്ങളുമായി നായ കഴിഞ്ഞിരുന്നത്.