പന്നിയങ്കരയിൽ പ്രദേശവാസികളിൽനിന്നും ടോൾ പിരിക്കും; ആവർത്തിച്ച് കരാർകമ്പനി
1488283
Thursday, December 19, 2024 6:14 AM IST
വടക്കഞ്ചേരി: ബന്ധപ്പെട്ടവരുടെ യോഗംവിളിച്ച് ടോൾ വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്നു ആവർത്തിച്ച് കരാർകമ്പനി.
എന്നാൽ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുന്നതു സംബന്ധിച്ച് എംഎൽഎയുടെ പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല. പ്രദേശവാസികളിൽനിന്നും ടോൾ പിരിച്ചാൽ അപ്പോൾ നോക്കാം എന്ന നിലപാടിലാണ് എംഎൽഎ. വിഷയത്തിൽ തീരുമാനമുണ്ടാക്കാമെന്ന എംഎൽഎയുടെ ഉറപ്പിലാണ് ഇക്കഴിഞ്ഞ അഞ്ചാം തീയതി മുതലുള്ള ടോൾപിരിവ് മാറ്റിവച്ചതെന്നു ടോൾകമ്പനി അധികൃതർ പറയുന്നു.
വിഷയം ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന നിലപാടാണ് കരാർ കമ്പനി സ്വീകരിച്ചിട്ടുള്ളത്. യോഗം വിളിക്കേണ്ടത് എംഎൽഎയും മറ്റു ജനപ്രതിനിധികളുമാണ്. അവർക്ക് താത്പര്യമില്ലെങ്കിൽ ടോൾ പിരിവല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് കരാർകമ്പനി പറയുന്നത്. തൃശൂർ പാലിയേക്കരയിലേതു പോലെ പന്നിയങ്കരയിലെ ടോൾ പ്രശ്നത്തിനും പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
സൗജന്യ പാസ് വിതരണം ചെയ്താണ് പാലിയേക്കരയിൽ പ്രവേശനം നൽകുന്നത്. പന്നിയങ്കരയിലും നടപ്പിലാക്കണമെന്നാണ് ആവശ്യം.