മുടപ്പല്ലൂർ- മംഗലംഡാം റോഡ് നവീകരണം ദ്രുതഗതിയിൽ
1488281
Thursday, December 19, 2024 6:14 AM IST
വടക്കഞ്ചേരി: മുടപ്പല്ലൂർ- മംഗലംഡാം റോഡിന്റെ നവീകരണ പ്രവൃത്തികൾ ദ്രുതഗതിയിൽ. മെറ്റലിട്ട് ബലപ്പെടുത്തിയ റോഡിന്റെ വശങ്ങളിൽ ആദ്യ ടാറിംഗ് പണികളാണ് ഇപ്പോൾ നടന്നുവരുന്നത്.
മുടപ്പല്ലൂർ മുതൽ വണ്ടാഴി വളയൽ വരെ ഈ പ്രവൃത്തി അവസാനഘട്ടത്തിലാണ്. നല്ലരീതിയിൽ വീതികൂട്ടിയാണ് ഇത് ചെയുന്നത്. ഇതിനുപിന്നാലെ റീടാറിംഗ് പണികളുണ്ടാകും. ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയാണ് പണികൾ നടക്കുന്നത്.
ഇതിനാൽതന്നെ വേഗതയിലുള്ള വർക്കുകൾ നടക്കുന്നുണ്ട്. തകർന്നു കിടന്നിരുന്ന റോഡ് ഈയടുത്തായി കുടിവെള്ള പൈപ്പിടാൻ വെട്ടിപ്പൊളിച്ചതു വാഹന ഗതാഗതം ഏറെ ദുഷ്കരമാക്കിയിരുന്നു.
വെള്ളത്തിന്റെ ഉറവിടംപോലും കണ്ടെത്താതെ കുടിവെള്ള പദ്ധതിയുടെ പേരിൽ റോഡുകൾ വെട്ടിപ്പൊളിച്ചു പൈപ്പുകൾ ഇടുന്നതിനെതിരെ ഇപ്പോഴും പല ഭാഗത്തും പ്രതിഷേധമുയരുന്നുണ്ട്. മംഗലംഡാം റിസർവോയർ ഉറവിടമാക്കിയാണു നാല് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളപദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനു മംഗലംഡാമിന്റെ ജലസംഭരണ ശേഷികൂട്ടണം.
സംഭരണശേഷി കൂട്ടാൻ ഡാമിലെ മണ്ണും ചെളിയും നീക്കംചെയ്യണം. എന്നാൽ ഈ പ്രവൃത്തികളെല്ലാം രണ്ടുവർഷമായി മുടങ്ങിക്കിടക്കുകയാണ്. ഇനി മണ്ണുനീക്കൽ ഏതുകാലത്തുനടക്കും എന്നൊന്നും ആർക്കും നിശ്ചയവുമില്ല.
റീടെൻഡർ നടപടികൾ നടക്കാനുണ്ട്. വെള്ളത്തിന്റെ ഉറവിടം ഉറപ്പാക്കാതെയുള്ള പദ്ധതിയുടെ പൈപ്പിടലാണ് റോഡുകളെല്ലാം വെട്ടിപ്പൊളിച്ചു തകൃതിയായി നടത്തിയത്.