കൊയ്ത്തിൽ കൊഴിഞ്ഞ ചെടികൾ കളയായതു കർഷകദുരിതം കൂട്ടുന്നു
1487990
Wednesday, December 18, 2024 4:42 AM IST
ചിറ്റൂർ: കഴിഞ്ഞ കൊയ്ത്തിൽ വീണ് മുളച്ച നെൽച്ചെടികളും കളയായി പെരുകിയത് കർഷകർക്ക് മറ്റൊരു ദുരിതമായി. കളനാശിനി കളചെടികൾ കുറക്കുമെങ്കിലും കൊഴിഞ്ഞു വീണ നെല്ല് മുളക്കുന്നതിനെ ബാധിക്കില്ല. ഈ കൊഴിഞ്ഞു വീണ നെൽച്ചെടികൾ പറിച്ചുമാറ്റാൻ ഒരു ഏക്കറിന് അഞ്ച് സ്ത്രീ തൊഴിലാളികളുടെ പണിയായാകും.
കൂലിയിനത്തിൽ 2000 രൂപ നൽകണം. നടീൽകൂലി, കളനാശിനി, അടിവളം, മേൽ വളം, പുഴുക്കേട്, തണ്ടുതുരപ്പൻ, ഓലകരിച്ചിൽ, വേരിൽ പുഴു ഇതിനൊക്കെ മരുന്ന് തളിയും നടത്തണം. കാലാവസ്ഥാവ്യതിയാനം മൂലം നെൽച്ചെടികൾക്ക് അനുയോജ്യവളർച്ചയോ രോഗബാധ മാറുന്ന സ്ഥിതിയോഇല്ല. കൃഷിപ്പണി നടത്താൻ സപ്ലൈകോവിന് കൊടുത്ത നെല്ലിന്റെ പിആർഎസ് ലഭിച്ച് ഒരു മാസം ആയിട്ടും പണം ലഭിക്കാനുള്ള വായ്പ അപേക്ഷയിൽ ഒപ്പിടാൻ ബാങ്ക് അധികൃതർ വിളിച്ചിട്ടില്ല.
ഇതുമൂലം കർഷകർ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്.
ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്ന് പാടശേഖര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.