റോഡുകളിൽ പോലീസും മോട്ടോർവാഹനവകുപ്പും കർശനപരിശോധന തുടങ്ങി
1488274
Thursday, December 19, 2024 6:14 AM IST
ഒറ്റപ്പാലം: റോഡുകളിൽ കർശന പരിശോധന തുടങ്ങി. പോലീസും മോട്ടോർ വാഹനവകുപ്പധികൃതരും സംയുക്തമായാണ് റോഡുകളിൽ പരിശോധന നടത്തുക. പനയന്പാടത്തേതുൾപ്പെടെ അപകടങ്ങൾ പെരുകുന്നതിനെത്തുടർന്ന് ജില്ലയിലുടനീളം വ്യാപകപരിശോധന ശക്തമാക്കാനാണ് തീരുമാനം.
ബ്ലാക്ക് സ്പോട്ടുകൾ എന്നുവിളിക്കുന്ന സ്ഥിരം അപകടകേന്ദ്രങ്ങളിലാണ് നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന ശക്തമാക്കിയത്. ഒരുമാസം നീണ്ട സ്പെഷൽ ഡ്രൈവാണ് ഇരുവകുപ്പുകളും ചേർന്നു നടത്തുന്നത്. നിയമലംഘകരിൽനിന്ന് ഇ-ചലാൻ മുഖാന്തരം പിഴയീടാക്കിയാണ് ഇരുവകുപ്പുകളും നടപടി തുടങ്ങിയത്. കോഴിക്കോട്-പാലക്കാടുൾപ്പെടെ ദേശീയപാതകളിലും ജില്ലയിലെ പ്രധാനപാതകളിലുമാണ് പ്രധാനമായും പരിശോധന നടത്തുന്നത്.
പനയന്പാടത്തും കല്ലടിക്കോട്, കരിമ്പ, സേലം-കൊച്ചി ദേശീയപാതയിലെ കുരുടിക്കാട്, കഞ്ചിക്കോട്, ആലാമരം എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പരിശോധന നടന്നു.
ജില്ലയിൽ അപകടങ്ങളുടെ 25 ശതമാനവും നടക്കുന്ന പാലക്കാട്-കുളപ്പുള്ളി പാതയിൽ മനിശീരി, പാതിപ്പാറ എന്നിവിടങ്ങളിലാണ്.
ഈ പാതയിലും വരുംദിവസങ്ങളിൽ കർശന പരിശോധന നടത്താനാണ് തീരുമാനം. നിയമലംഘനങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്നതാണ് ഇരുവകുപ്പുകൾക്കും ലഭിച്ചിട്ടുള്ള നിർദേശം. ഇതിന്റെ ഭാഗമായി ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളും അനുവർത്തിക്കും. പോലീസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ വരുന്ന ഒരു മാസക്കാലം റോഡുകളിൽ ഉണ്ടായിരിക്കണം എന്നാണ് നൽകിയിട്ടുള്ള നിർദേശം.
ഇതിന് പുറമേ രാത്രികാലങ്ങളിൽ പോലീസ് പരിശോധന തുടരും.
നിയമലംഘനങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ ആണ് ഇവർക്ക് നൽകിയിട്ടുള്ള നിർദേശം.