ഒറ്റപ്പാലം താലൂക്കാശുപത്രിക്ക് അനുവദിച്ച ഫണ്ട് വിനിയോഗിച്ചില്ലെന്ന് വിമർശനം
1488503
Friday, December 20, 2024 5:07 AM IST
ഒറ്റപ്പാലം: താലൂക്കാശുപത്രിയിൽ ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ വിമർശനം. രണ്ട് പദ്ധതികൾക്കായി ഫണ്ട് ലഭിച്ചിട്ടും ഏറെ കാലമായി ഇത് വിനിയോഗിച്ചില്ലെന്നാണ് ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗത്തിൽ ആരോപണമുയർന്നത്.
പ്രഷറും പ്രമേഹവും ഉൾപ്പെടെ നേരത്തെ കണ്ടെത്തി ചികിത്സ നൽകാനാകുന്ന 360 ഡിഗ്രി എൻസിഡി. ക്ലിനിക്, ഡെന്റൽ പോളി ക്ലിനിക് എന്നിവയ്ക്കായുള്ള ഫണ്ടാണ് ഇനിയും വിനിയോഗിക്കാത്തത്. ദേശീയാരോഗ്യദൗത്യം (എൻഎച്ച്എം) മുഖാന്തരം ലഭിച്ച ഒരുകോടി രൂപയാണ് ഇനിയും വിനിയോഗിക്കാത്തത്.
ഈ ഫണ്ട് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് കൈമാറിയിട്ടുണ്ട്. താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങാത്തതാണ് രണ്ട് പദ്ധതികളും വൈകുന്നതെന്ന് ചെയർപേഴ്സൺ കെ. ജാനകിദേവി അറിയിച്ചു.
പുതിയ കെട്ടിടത്തിൽ രണ്ടുക്ലിനിക്കുകളും തുടങ്ങാനാണ് ധാരണ. ഈ കെട്ടിടം പ്രവർത്തനം തുടങ്ങുന്നതിനായി 19 ന് എംഎൽഎ യുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കെട്ടിടം പ്രവർത്തനം തുടങ്ങിയാൽ രണ്ടാഴ്ചയ്ക്കകം ക്ലിനിക്കുകൾ പ്രവർത്തനം തുടങ്ങും. സർക്കാർ ആയുർവേദ ആശുപത്രിയുടെ പേ വാർഡ് നിർമാണോദ്ഘാടന വിവരം അറിയിച്ചില്ലെന്ന ആരോപണവും യുഡിഎഫ്, ബിജെപി കൗൺസിലർമാർ ഉന്നയിച്ചു.
ഉദ്ഘാടനവിവരം അറിഞ്ഞത് വൈകിയാണെന്നും ആശുപത്രിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നതെന്നും ഭരണസമിതി വിശദീകരിച്ചു.