അറബി ഭാഷ പഠിച്ചും പഠിപ്പിച്ചും ദിവ്യടീച്ചർ
1488279
Thursday, December 19, 2024 6:14 AM IST
ഡോ. മാത്യു കല്ലടിക്കോട്
കല്ലടിക്കോട്: ഭാഷയ്ക്ക് അതിരുകളില്ല, അറിവ് അന്വേഷിക്കുന്നവർ ആരായിരുന്നാലും അവർ ദൈവ മാർഗത്തിലാണ്.- കഴിഞ്ഞ 13 വർഷമായി കല്ലടിക്കോട് ജിഎൽപി സ്കൂളിൽ അറബി അധ്യാപികയായ ദിവ്യ ടീച്ചറുടെ വാക്കുകളാണിത്.
ഡിസംബർ 18 ലോക അറബി ഭാഷാദിനമായി ആചരിച്ചപ്പോൾ അറബി ഭാഷയുടെ ഔന്നിത്യം പറഞ്ഞറിയിക്കുകയായിരുന്നു ടീച്ചർ.
അറബി ഭാഷാപഠനത്തിനു അനന്ത സാധ്യതയാണുള്ളത്, ലോകത്തെവിടെയും സംസാരിക്കുന്ന ഭാഷ. മനുഷ്യരേ എന്നു വിളിച്ചാണ് വേദഭാഷയുടെ പ്രയോഗം. അറബി മനോഹരവും മൊഞ്ചുള്ളതുമായ ഭാഷയാണെന്നും ദിവ്യടീച്ചർ പറഞ്ഞു.
പാലാ സ്വദേശിനിയായ ടീച്ചർ തൃശൂർ വെങ്കിടങ്ങ് സൽസബീൽ കോളജിൽ നിന്നാണ് അറബിക് ബി എ പഠനം പൂർത്തിയാക്കിയത്.അച്ഛനാണ് അറബി ഭാഷ പഠിക്കാൻ പ്രേരിപ്പിച്ചത്. അടിസ്ഥാന അക്ഷരങ്ങൾ വേഗത്തിൽ വഴങ്ങിയതോടെ താത്പര്യം വർദ്ധിച്ചു.
പഠനം പൂർത്തിയാക്കിയ ഉടൻ കല്ലടിക്കോട് സ്കൂളിൽ ജോലി കിട്ടി. ഇന്ന് കലോത്സവ അറബിക് മത്സരങ്ങളിൽ നിറസാന്നിധ്യമാണ് സ്കൂളിലെ കുട്ടികൾ. ഇതിന്റെയെല്ലാം ക്രെഡിറ്റ് ദിവ്യ ടീച്ചർക്കാണെന്നു സ്കൂൾ പ്രധാനാധ്യാപിക ബിന്ദുടീച്ചറും സാക്ഷ്യപ്പെടുത്തുന്നു.