ഹെൽത്തി കേരള: വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ ശുചിത്വപരിശോധന
1488502
Friday, December 20, 2024 5:07 AM IST
പാലക്കാട്: ഹെൽത്തികേരള ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 975 സ്ഥാപനങ്ങളിൽ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ശുചിത്വ പരിശോധന നടത്തി. വീഴ്ചകൾ കണ്ടെത്തിയ 133 സ്ഥാപനങ്ങൾക്ക് കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നൽകുകയും കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം നിയമലംഘനം നടത്തിയ സ്ഥാപനങ്ങളിൽ നിന്നും 59000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
പുകയില നിയന്ത്രണ നിയമം 2003 പ്രകാരം നിയമാനുസൃത ബോർഡുകൾ ഇല്ലാതെയും പൊതുസ്ഥലത്തു പുകവലിച്ചതും ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്ക് 86 സ്ഥാപനങ്ങളിൽ നിന്നും 26800 രൂപ ഫൈനും ഈടാക്കി. ജില്ലയിലെ വിവിധ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേയും മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർ വൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാക്കുളം അടിയകണ്ടിയൂരിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ ശുചിത്വ പരിപാലനത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അടപ്പിച്ചതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. ആർ വിദ്യ അറിയിച്ചു.