അമ്പലപ്പാറയിൽ ജൽജീവൻ പദ്ധതി കാലാവധി നീട്ടി
1487988
Wednesday, December 18, 2024 4:42 AM IST
ഒറ്റപ്പാലം: ജൽജീവൻ പദ്ധതി അമ്പലപ്പാറയിൽ വൈകാൻ സാധ്യത. ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് ജിഐ പൈപ്പുകളടക്കം സ്ഥാപിക്കുന്നത് പൂർത്തിയാവാത്തതിനാൽ കരാർകാലാവധി അടുത്ത മേയ് മാസംവരെ നീട്ടിയിട്ടുണ്ട്.
ഡിസംബറിൽ കാലാവധി അവസാനിക്കാനിരിക്കെയായിരുന്നു തീരുമാനം. പഞ്ചായത്തിലെ 20 വാർഡിലും പലപ്രദേശങ്ങളിലായി പിവിസി പൈപ്പുകളിട്ട ഭാഗങ്ങളിൽ ജിഐ പൈപ്പുകൾ സ്ഥാപിക്കാനുണ്ട്.
പാറകൾ നിറഞ്ഞ പ്രദേശമായതിനാൽ ജിഐ പൈപ്പുകൾ സ്ഥാപിക്കുന്നതിന് കാലതാമസമെടുക്കുന്നതാണ് പദ്ധതി പൂർത്തിയാകാതിരിക്കാൻ കാരണം.
പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലും പൈപ്പുകൾ സ്ഥാപിക്കാനുണ്ട്. ഇതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിവേണം. ഇതും കാലതാമസത്തിന് കാരണമാണ്.
പൈപ്പുകളിട്ടു കഴിഞ്ഞാലേ കണക്ഷനുകളും നൽകാനാവൂ. ഇതുകൂടാതെ റോഡ് നവീകരണവും പദ്ധതിയിലുണ്ട്.
മൂന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ പണിനടക്കുന്നത്. പദ്ധതിയിൽ ഇനിയും 15 കിലോമീറ്ററോളം പൈപ്പ് ലൈനുകൾ സ്ഥാപിക്കാനുണ്ട്.
20 വാർഡുകളിലായി 12 കിലോമീറ്റർ ദൂരത്തിൽ പിവിസി പൈപ്പുകൾ സ്ഥാപിച്ചു. പണി പൂർത്തിയാകുന്ന സ്ഥലങ്ങളിൽ കണക്ഷൻ നൽകുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. നിലവിൽ 4000-ത്തോളം കണക്ഷനുകൾ നൽകി.
ബാക്കി 1,500 ഓളം കണക്ഷനുകൾ നൽകുന്നതിനുള്ള പട്ടിക പഞ്ചായത്തംഗങ്ങൾ അധികൃതർക്ക് നൽകിയിട്ടുണ്ട്.
നിലവിലുള്ള സാഹചര്യപ്രകാരം അടുത്ത മെയിലും പണികൾ തീരുമോയെന്ന് കണ്ടറിയണം.