തീർഥാടകരുടെ തിരക്കിൽ മുങ്ങി "മിനി പമ്പ'
1488277
Thursday, December 19, 2024 6:14 AM IST
വടക്കഞ്ചേരി: മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് ശബരിമല തീർഥാടകരുടെ തിരക്കായി.
രാപകൽ വ്യത്യാസമില്ലാതെ തീർഥാടകരുടെ ബസുകളും മറ്റു വാഹനങ്ങളും പാലം ജംഗ്ഷനിൽ എത്തുന്നുണ്ട്. നേന്ത്രക്കായ ചിപ്സ് വാങ്ങാനാണ് തീർഥാടകർ എത്തുന്നത്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽപേരും.
അയ്യപ്പഭക്തരുടെ വരവുവർധിച്ചതോടെ മംഗലംപാലത്തെ വ്യാപാരികളും വലിയ പ്രതീക്ഷയിലാണ്.
കോവിഡ് വ്യാപനം, ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്നം എന്നിവയെതുടർന്ന് മൂന്നുനാലുവർഷം തീർഥാടകർ നന്നേ കുറവായിരുന്നു. ഇത് മേഖലയിലെ ചിപ്സ് വ്യാപാരത്തെ ഏറെ ദോഷകരമായി ബാധിക്കുകയുണ്ടായി. മംഗലംപാലത്തെ ചിപ്സ് കടകളിൽ ഒരോ ദിവസവും വലിയ തോതിലുള്ള നേന്ത്രക്കായ ചിപ്സ് വില്പന നടക്കുന്നുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. നിറയെ യാത്രക്കാരുമായി ഒരു ബസ് കടക്ക് മുന്നിൽ നിർത്തിയാൽ 300 കിലോ മുതൽ 400 കിലോ വരെ ചിപ്സ് വാങ്ങുമെന്ന് മംഗലത്തെ ചിപ്സ് കടക്കാർ പറയുന്നു.
ഒരാൾതന്നെ അഞ്ചും പത്തും കിലോ ചിപ്സ് വാങ്ങും. കായ വിലകൂടിയത് ചിപ്സ് വിലയിലും വർധനയുണ്ടാക്കിയിട്ടുണ്ട്. ഹലുവ, ഈന്തപഴം, കുരുമുളക്, ജീരകം തുടങ്ങിയവക്കും നല്ല ഡിമാൻഡാണ്. മംഗലംപാലത്തെ സിഗ്നൽ ജംഗ്ഷൻ അടച്ചതോടെ മംഗലംപാലം നെന്മാറ റോഡ് ജംഗ്ഷനിൽ തീർഥാടകർക്ക് എത്താൻ കഴിയാത്ത സ്ഥിതിയുണ്ട്.
അണ്ടർ പാസ് വഴിയും റോയൽ ജംഗ്ഷനിൽ നിന്നും ചെറുപുഷ്പം സ്കൂൾ വഴിക്കുമാണ് തീർഥാടകരുടെ വാഹനങ്ങൾ ഇവിടെ എത്തുന്നത്. ഇതു മൂലം മറുഭാഗത്ത് ദേശീയ പാതയോരങ്ങളിലെ കടകളിലും തിരക്കുണ്ട്. എന്തായാലും സീസണിൽ കോടികളുടെ ചിപ്സ് കച്ചവടമാണ് മംഗലംപാലം ജംഗ്ഷനിൽ നടക്കുന്നത്. ടോൾപ്ലാസക്കു സമീപവും ഇപ്പോൾ നിരവധി ചിപ്സ് കടകളുണ്ട്.