കാട്ടാനപ്പേടിയിൽ വല്ലങ്ങിയും
1488278
Thursday, December 19, 2024 6:14 AM IST
നെന്മാറ: വല്ലങ്ങിയിൽ രണ്ടുദിവസമായി കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. നെൽപ്പാടങ്ങളിലൂടെ ചവിട്ടിനടന്നും വീട്ടുവളപ്പുകളിലെയും കൃഷിയിടങ്ങളിലെയും തെങ്ങ്, വാഴ, ഫലവൃക്ഷങ്ങൾ, സിമന്റ് വേലിക്കാലുകൾ, നെറ്റ് വേലികൾ, നെൽപ്പാടങ്ങളിലെ വരമ്പുകൾ, നെൽചെടികൾ തിന്നും ചവിട്ടി നടന്നും വ്യാപകമായി നാശം വരുത്തി.
ആദനാട് മലയിൽനിന്നും മൂന്ന് കിലോമീറ്ററോളം അകലെയുള്ള നെന്മാറ പാടം പഴത്തറക്കാട് ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കാട്ടാനയെത്തി കൃഷി നാശം ആരംഭിച്ചു. ആദ്യമായാണ് മേഖലയിൽ കാട്ടാന എത്തുന്നത്.
വീടുകളിലെ വെളിച്ചംകണ്ട് ആന ശബ്ദമുണ്ടാക്കിയതോടെയാണ് പ്രദേശവാസികൾ ആനയുടെ സാന്നിധ്യം അറിയുന്നത്. ബഹളംവച്ചും പടക്കം പൊട്ടിച്ചും ആനയെ അകറ്റാൻ ശ്രമിച്ചെങ്കിലും ആന സമീപത്തെ നെൽപ്പാടങ്ങളിലേക്കിറങ്ങി നടക്കുകയാണ് ചെയ്തത്.
പരിസരത്തെ നെൽപ്പാടങ്ങളിൽ ആന ചവിട്ടിനടന്നും നെൽച്ചെടികൾ തിന്നും നാശം വരുത്തി. പഴനിക്കാട് അങ്കണവാടിക്കുസമീപം എത്തിയ ആന ആൾക്കാർ ഒച്ച വച്ചതോടെ പാതർകാടൻ, പാങ്ങിയില പാടം, നെടുങ്ങോട്, പരത്താൻകോട് വല്ലങ്ങി ബൈപ്പാസിന് സമീപമുള്ള വാക്കോട്, പനക്കൽ ഭഗവതി ക്ഷേത്രം പരിസരങ്ങളിലെത്തി നാശം തുടർന്നു. രാത്രി ഒമ്പതിനുശേഷം വനം ജീവനക്കാർ എത്തി ആനയെ തുരത്തൽ നടപടി സ്വീകരിച്ചു.
ജനവാസ മേഖലയിൽ എത്തിയതോടെ ഭയചകിതരായ പ്രദേശവാസികൾ പുറത്തിറങ്ങാതെ രാത്രി മുഴുവൻ കഴിച്ചുകൂട്ടി.
ഏറെ നേരത്തെ വനം ജീവനക്കാരുടെ പരിശ്രമത്തിനൊടുവിലാണ് പുലർച്ചെ നാലുമണിയോടെ ആനയെ നെല്ലിപ്പാടം ഭാഗത്ത് കൂടെ പാറക്കൽ ഭാഗത്തെ വനമേഖലയിലേക്ക് എത്തിക്കാൻ കഴിഞ്ഞത്.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ആദനാട് മലയിൽ നിന്നും കണ്ണോട്, അള്ളിച്ചോട് ഭാഗങ്ങളിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വ്യാപക നാശം വരുത്തിയിരുന്നു.